അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തില്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശം

കുട്ടികളാണ് മാനവകുടുംബത്തിന്റെ ഭാവിയെന്നും അവരുടെ വളര്‍ച്ച, ആരോഗ്യം, മനഃശാന്തി എന്നിവ പരിപോഷിപ്പിക്കുകയെന്നത് നാമെല്ലാവരുടെയും കടമയാണെന്നും ഫ്രാന്‍സിസ് പാപ്പാ. യുഎന്‍ -ന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ 12-ന് ആചരിക്കുന്ന ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി ഇത്തവണ നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സ്വപ് സാക്ഷാത്ക്കാരത്തിനുള്ള കുട്ടികളുടെ കഴിവ് മുതിര്‍ന്നവര്‍ തട്ടിയെടുക്കരുത്. അവരുടെ ജീവിതസ്വപ്നങ്ങള്‍ വളരുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നൊരു ചുറ്റുപാട് വളര്‍ത്തിയെടുക്കാന്‍ നമുക്കു പരിശ്രമിക്കാം. കുട്ടികളുടെ പങ്കുവയ്ക്കപ്പെട്ട സ്വപ്നങ്ങള്‍ ജീവിതത്തില്‍ നവമായ പാതകള്‍ അവര്‍ക്കായ് തുറക്കുന്നു. കുട്ടികളുടെ അടിമത്വത്തിനെതിരെ സംഘടിതമായി പോരാടാം. ബാലവേല, തൊഴില്‍മേഖലയില്‍ എവിടെയായാലും എങ്ങനെയായാലും നിഷിദ്ധമാണ്. കുട്ടികളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതും അവരെ പലതരത്തിലുള്ള അപകടങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നതുമാണത്. കുട്ടികളാണ് മാനവകുടുംബത്തിന്റെ ഭാവി. അവരുടെ വളര്‍ച്ച, ആരോഗ്യം, മനഃശാന്തി എന്നിവ പരിപോഷിപ്പിക്കുകയെന്നത് നാമെല്ലാവരുടെയും കടമയാണ്” – പാപ്പാ പറഞ്ഞു.

ഐക്യാരാഷ്ട്ര സഭയുടെ രാജ്യാന്തര തൊഴില്‍ സംഘടന 2002-ലാണ് ലോക ബാലവേല വിരുദ്ധദിനത്തിന് തുടക്കമിട്ടത്. ഇന്നും നിലനിലക്കുന്ന കുട്ടികളുടെ അടിമത്വത്തിലേയ്ക്ക് ലോകശ്രദ്ധ കൊണ്ടുവരുക എന്നതും അങ്ങനെ ഈ തിന്മ ഇല്ലാതാക്കി കുട്ടികളെ മോചിപ്പിക്കുക എന്നതുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.