ആഴമായ വിശ്വാസത്തിനായി പരിശുദ്ധ മറിയത്തോട് മാദ്ധ്യസ്ഥ്യം യാചിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പായുടെ ട്വിറ്റർ സന്ദേശം

പരിശുദ്ധ കന്യകാമറിയത്തിന്‍റെ സഹായം തേടാന്‍ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ദൈവവമാതാവായ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാളിന്‍റെ പിറ്റേന്ന് വെള്ളിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

“നമ്മെ കാത്തുപരിപാലിക്കാനും നമുക്ക് തുണയേകാനും പരിശുദ്ധ മറിയത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ശക്തവും ആനന്ദഭരിതവും കാരുണ്യപൂരിതവുമായ ഒരു വിശ്വാസം നമുക്കുണ്ടാകുന്നതിനു വേണ്ടി നമുക്ക് അമ്മയോട് യാചിക്കാം; വിശുദ്ധരായിത്തീരുന്നതിനും ഒരിക്കല്‍ സ്വര്‍ഗ്ഗത്തില്‍ വച്ച് പരിശുദ്ധ കന്യകയുമായി കണ്ടുമുട്ടുന്നതിനും അവള്‍ നമ്മെ സഹായിക്കട്ടെ” – പാപ്പാ കുറിച്ചു.

വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.