ക്രൈസ്തവ മാധ്യമങ്ങള്‍ പുത്തന്‍ ജീവിതശൈലി പരിപോഷിപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയുടെ വക്താവും വിശ്വാസത്തിന്റെ സംവാഹകനും ആയിരിക്കണമെന്ന് മാര്‍പാപ്പാ. ബെല്‍ജിയത്തിലെ ഒരു ക്രൈസ്തവ വാരികയായ ‘തേര്‍സിയൊ’ (Tertio)യുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അതിന്റെ മുപ്പതിലേറെ പ്രവര്‍ത്തകരെ വെള്ളിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച്, സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

ഭാവിയെ രചനാത്മകവും സാധ്യവുമായ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കുമ്പോള്‍ മാത്രമേ വര്‍ത്തമാനകാലം ജീവിക്കാന്‍ നമുക്കു കഴിയൂ എന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. വൃത്താന്തം, ഇന്നു നാം ജീവിക്കുന്ന സമൂഹത്തില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്നും അത് ഗുണനിലവാരമുള്ളതാകുമ്പോള്‍, ലോകം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നന്നായി മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ പ്രവര്‍ത്തനശൈലിക്ക് പ്രചോദനമേകുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

മനഃസാക്ഷി രൂപീകരണത്തിന് സംഭാവന ചെയ്യാന്‍ കഴിവുറ്റതായ സഭയുടെയും ലോകത്തിന്റെയും ജീവിതത്തെ സംബന്ധിച്ച ഗുണമേന്മയുള്ള വിവരങ്ങളേകുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ക്രൈസ്തവ മാധ്യമങ്ങളുടെ സാന്നിധ്യം അതീവ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. മുന്‍വിധികളുടെയും പുറന്തള്ളലിന്റെയും സകല രൂപങ്ങളിലും നിന്ന് മുക്തമായ ഒരു പുത്തന്‍ ജീവിതശൈലി സമൂഹങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ക്രിസ്തീയ മാധ്യമത്തിനുള്ള പങ്ക് സുപ്രധാനമാണെന്നും പാപ്പാ പറഞ്ഞു. വിവരവിനിമയം സഭയുടെ സുപ്രധാനമായ ഒരു ദൗത്യമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

സമ്പര്‍ക്ക മാധ്യമലോകത്തില്‍ സത്യം മൂടിവയ്ക്കാതെയും വാര്‍ത്ത വളച്ചൊടിക്കാതെയും നൂതനമായ ഒരു സാക്ഷ്യം നല്‍കാന്‍ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ അവന്റെ തൊഴില്‍പരമായ ഉന്നത ധര്‍മ്മബോധത്താല്‍ ബാധ്യസ്ഥനാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.