ദൈവവിളിയെ തകര്‍ക്കുന്ന ഇത്തിള്‍ക്കണ്ണികളെ കരുതിയിരിക്കണം: വൈദികരോട് മാര്‍പാപ്പ

ഫ്രാന്‍സിസ് പാപ്പാ റോമാരൂപതയിലെ വൈദികര്‍ക്കു നല്‍കിയ സന്ദേശത്തില്‍, ദൈവവിളിയോടുള്ള വിശ്വസ്തതയെ തകര്‍ക്കുന്ന ഇത്തിള്‍ക്കണ്ണികളെക്കുറിച്ച് അവരെ ബോധവത്കരിക്കുകയുണ്ടായി. റോമാ രൂപതയുടെ ഭദ്രാസന ദേവാലയം സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വച്ചു നടത്തപ്പെട്ട വൈദികരുടെ അനുതാപശുശ്രൂഷയുടെ ഭാഗമായിരുന്നു പാപ്പായുടെ പ്രഭാഷണം. ശാരീരികാസ്വാസ്ഥ്യം മൂലം പാപ്പായ്ക്ക് ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതിനാല്‍ രൂപതയുടെ വികാരി ജനറലും സാന്‍ ജോണ്‍ ബസിലിക്കയുടെ ശ്രേഷ്ഠപുരോഹിതനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് ശുശ്രൂഷയ്ക്കിടെ പാപ്പായുടെ പ്രഭാഷണം വായിക്കുകയാണുണ്ടായത്.

ദൈവവിളിയുടെ സന്തോഷം എടുത്തുകളയുകയാണ് ഇത്തിൾക്കണ്ണി ആദ്യം ചെയ്യുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. രൂപതാദ്ധ്യക്ഷനായ മെത്രാനോടോ, അജപാലനമേഖലയില്‍ ചിലരോടോ ഉണ്ടാകുന്ന ഇഷ്ടക്കേട് അല്ലെങ്കില്‍ വിദ്വേഷമാണ് ദൈവവിളിയെ നശിപ്പിക്കുന്ന ഇത്തിൾക്കണ്ണിയെന്ന് പാപ്പാ ആമുഖമായി വ്യക്തമാക്കി. ഒരു മെത്രാനും വൈദികനുമെന്ന നിലയില്‍ വ്യക്തിജീവിതത്തില്‍ വൈദികരുമായി ഇടപഴകിയിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് വിശ്വാസജീവിതത്തില്‍ വൈദികന് മെത്രാനുമായും അജപാലനമേഖലയില്‍ ചിലരോടുമുള്ള വ്യക്തിബന്ധത്തിന്റെ മേഖലയെക്കുറിച്ചു പരാമര്‍ശിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

വൈദികജീവിതത്തില്‍ ദൈവവിളിയോടുള്ള വിശ്വസ്തതയെ തകര്‍ക്കുന്ന രണ്ട് ഇത്തിക്കണ്ണികള്‍ കൂടി പാപ്പാ വിശദീകരിച്ചു. അധികാരിയുമായുള്ള അകല്‍ച്ച തന്നില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരധികാരിയെ സ്വീകരിക്കാനുള്ള വിസമ്മതമാണെന്ന് പാപ്പാ ആദ്യമായി ചൂണ്ടിക്കാട്ടി. മെത്രാനെ ഒഴിവാക്കുന്ന അവസ്ഥ അപകടകരമാണ്. വ്യക്തിയുടെ ഭിന്നിപ്പ് ഭരണകാര്യങ്ങളിലോ അല്ലെങ്കില്‍ അജപാലനശൈലിയിലോ അല്ല. എന്തിന്റെയും കേന്ദ്രസ്ഥാനത്ത് ക്രിസ്തു ഉണ്ടാകണമെന്നും ക്രിസ്തു ഇല്ലെങ്കില്‍ നാം അധികാരപ്രമത്തരാവുകയും എന്തും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേയ്ക്കു നീങ്ങുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പ്രേഷിതസമര്‍പ്പണത്തിന്റെ സത്തയാകേണ്ട ഒരേ വിശ്വാസം, ജ്ഞാനസ്‌നാനം, ഏകപിതാവായ ദൈവം എന്നീ പ്രഥമഘടകങ്ങളെ മറ്റു ഭരണകാര്യങ്ങളും അവകാശങ്ങളും കൊണ്ട് മൂടിക്കളയുന്ന പ്രവണത മെത്രാനുമായുള്ള ബന്ധങ്ങള്‍ തകര്‍ക്കുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.