മുന്നൂറാം സ്ഥാപനവാര്‍ഷികം ആഘോഷിക്കുന്ന പാഷനിസ്റ്റ് സന്യാസ സമൂഹത്തിന് ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം

പ്രാര്‍ത്ഥനയില്‍ ദൈവവചനവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും ദൈനംദിന സംഭവങ്ങളില്‍ കാലത്തിന്റെ അടയാളങ്ങള്‍ വായിക്കുന്നതും കാലത്തില്‍ അലയിടിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ ഗ്രഹിക്കാന്‍ കഴിവ് ഏകുകയും നരകുലത്തിന്റെ പ്രതീക്ഷകള്‍ക്കുള്ള ഉത്തരം കാണിച്ചുതരുകയും ചെയ്യുമെന്ന് മാര്‍പാപ്പ.

യേശുക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ സന്യാസ സമൂഹം അഥവാ പാഷനിസ്റ്റ് സന്യാസ സമൂഹം, ഈ വരുന്ന ഞായറാഴ്ച (22/11/20) മുതല്‍ 2022 ജനുവരി 1 വരെ അതിന്റെ മുന്നൂറാം സ്ഥാപനവാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് പ്രസ്തുത സന്യാസ സമൂഹത്തിന്റെ പൊതുശ്രേഷ്ഠനായ (സുപ്പീരിയര്‍ ജനറല്‍) വൈദികന്‍ ജൊവാക്കിം റേഗൊയ്ക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്. പെസഹാരഹസ്യം തങ്ങളുടെ ജീവിതകേന്ദ്രമാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓര്‍മ്മ ജീവിക്കാനും പ്രഘോഷിക്കാനും ലഭിച്ച ദൈവവിളി എന്ന ദാനം പാഷനിസ്റ്റ് സമൂഹാംഗങ്ങള്‍ക്കു പ്രദാനം ചെയ്യുന്ന സന്തോഷത്തില്‍ ആത്മീയമായി പങ്കുചേരാനുള്ള അവസരം ഈ ജൂബിലിയാഘോഷം തനിക്കേകുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ പറയുന്നു.

പ്രലോഭനത്തിന് അടിയറവ് പറയാതെ പുത്തന്‍ അപ്പസ്‌തോലികത ലക്ഷ്യോന്മുഖമായി ചരിക്കാനുള്ള പരിപാലനാപരമായ ഒരു അസവരമാണ് ഈ സുപ്രധാന ശതാബ്ദിയെന്ന് പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു. ഇന്നുവരെ നരകുലത്തെ സമ്പുഷ്ടമാക്കിയ സംസ്‌കാരികധാരകളുടെ മൂല്യത്തെ മാത്രമല്ല, അതിന്റെ അസ്തിത്വത്തിന്റെ മൗലികഘടനയെയും ചോദ്യംചെയ്യുന്ന മാറ്റങ്ങളുടെ ചുഴിയിലാണ് മാനവവംശം എന്നും പാപ്പാ പറയുന്നു. പഴയതില്‍ നിന്നു വ്യത്യസ്തമായ ഒരു ലോകത്തിലാണ് ഇന്നു നാം വസിക്കുന്നതെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

മനുഷ്യന്റെ കൃത്രിമചെയ്തികളുടെ ഫലമായ വേദനയ്ക്കും വീഴ്ചയ്ക്കും വിധേയമായ പ്രകൃതിയും പ്രപഞ്ചവും അധഃപതനത്തിന്റെ ആശങ്കാജനകമായ രൂപങ്ങള്‍ പേറുന്നുവെന്നും പറയുന്ന പാപ്പാ, ആകയാല്‍ ക്രൂശിതനായ ക്രിസ്തുവിന്റെ സ്‌നേഹം പ്രഘോഷിക്കുന്നതിന് പുത്തന്‍ ജീവിതരീതികളും നൂതന ഭാഷാശൈലി രൂപങ്ങളും സ്വീകരിക്കുകയും അങ്ങനെ തങ്ങളുടെ അനന്യതയുടെ മൗലികതയ്ക്ക് സാക്ഷ്യമേകുകയും ചെയ്യാന്‍ പാഷനിസ്റ്റ് സമൂഹാംഗങ്ങളെ ആഹ്വാനം ചെയ്യുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.