“സഭ നിങ്ങൾക്കൊപ്പം ഉണ്ട്”: മഡഗാസ്കറിന് ധൈര്യം പകർന്നു പാപ്പാ

ജനങ്ങളുടെ മനസ്സറിഞ്ഞ് രാജ്യപുരോഗതിക്കു വേണ്ടി പ്രവർത്തിക്കാൻ മഡഗാസ്‌കറിലെ അധികാരികളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ. ആറു ദിവസം നീളുന്ന ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മഡഗാസ്‌കറിലെത്തിയ പാപ്പാ സിവിൽ അധികാരികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ കാര്യം ഓർമ്മിപ്പിച്ചത്.

കൂടുതൽ നീതിപൂർവ്വകവും ഐക്യവുമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിയിൽ നിങ്ങൾ ഒറ്റയ്ക്കല്ല. സഭയും ഒപ്പമുണ്ട്. പാപ്പാ അധികാരികൾക്ക് ഉറപ്പു നൽകി. പരസ്പരം പങ്കുവയ്ക്കുന്നതിന്റെയും സഹായിക്കുന്നതിന്റെയുമൊക്കെ സംസ്‌കാരമൂല്യങ്ങൾ നിങ്ങളുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് കുടുംബ-ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും ആളുകളും പ്രകൃതിയുമായുള്ള സൗഹാർദ്ദത്തിനും നിങ്ങൾ നൽകുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ ജനങ്ങളുടെയും മനസാക്ഷി – പാപ്പാ വ്യക്തമാക്കി.

മനുഷ്യത്വരഹിതമായ ദാരിദ്ര്യത്തിന്റെ അവസ്ഥകൾ, അവ വളർത്തിയെടുക്കുന്ന അഴിമതി, അസ്ഥിരത എന്നിവയ്ക്കെതിരെ പോരാടുന്നത് തുടരുകയും മെച്ചപ്പെട്ട വരുമാന വിഭജനവും എല്ലാവരുടെയും പ്രത്യേകിച്ച്, ദരിദ്രരുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കണമെന്നും പാപ്പ നേതാക്കന്മാരോട് ആവശ്യപ്പെട്ടു.