ഇന്ന് പാപ്പാ ആശീര്‍വാദം നല്‍കുന്നത് ആശുപത്രിയുടെ പത്താം നിലയില്‍ നിന്ന്

ഫ്രാന്‍സിസ് പാപ്പാ റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുകയാണെങ്കിലും ഞായറാഴ്ചതോറുമുള്ള ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് മുടക്കമില്ല. ആശുപത്രിയുടെ 10-ാം നിലയില്‍ നിന്നാണ് ഇന്ന് (ജൂലൈ 11) മധ്യാഹ്നത്തില്‍ പാപ്പാ ആഞ്ചലൂസ് പ്രാര്‍ത്ഥന നയിക്കുക. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തെയോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാന്‍ സമയം രാവിലെ 11.55 -നാണ് പ്രാര്‍ത്ഥന ആരംഭിക്കുക.

ഉദരശസ്ത്രക്രിയ കഴിഞ്ഞ് ഇനിയും പാപ്പായുടെ ആശുപത്രിവാസം അവാസിനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഞായറാഴ്ചത്തെ ആശീര്‍വാദം ആശുപത്രിയില്‍ നിന്നാക്കിയത്. വന്‍കുടലിന്റെ ഉള്‍ഭാഗത്ത് സഞ്ചികളുടെ രൂപത്തില്‍ ചെറിയ മുഴകള്‍ രൂപപ്പെടുന്ന ‘ഡിവര്‍ട്ടിക്യുലര്‍ സ്റ്റെനോസിസ്’ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പാപ്പാ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. പത്തംഗ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ മൂന്നു മണിക്കൂര്‍ നീണ്ടു.

ഏഴു ദിവസത്തെ ആശുപത്രിവാസമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനാലാണ് പാപ്പാ ഇന്ന് ആശുപത്രിയില്‍ നിന്ന് ആഞ്ചലൂസ് പ്രാര്‍ത്ഥന നയിക്കുന്നത്. റോമിലെ ഏറ്റവും ഉയര്‍ന്ന കുന്നിന്‍പ്രദേശമായ മോണ്ടെ മാരിയോയിലാണ് ജെമല്ലി യൂണിവേഴ്സിറ്റി ആശുപത്രി സ്ഥിതിചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.