രോഗികളെ മനുഷ്യത്വത്തോടെ സമീപിക്കൂ: മാർപാപ്പ

രോഗീശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർ അവരെ വെറും ആളുകളായി മാത്രം കണക്കാക്കാതെ മനുഷ്യരായി പരിഗണിക്കൂ എന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കാത്തലിക് അസോസിയേഷന്റെ ആരോഗ്യ പരിപാലന ജീവനക്കാരോടാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. സംഘടനയുടെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് റോമിലെത്തിയ പ്രവര്‍ത്തകരോടാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

രോഗികൾ, പ്രായമായവർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവരുടെ ഇടയിൽ ശുശ്രൂഷ ചെയ്യുന്നവരായ ഇവരോട്, ചികിത്സാരംഗത്തെ സാങ്കേതികവിദ്യകൾ മാറുന്നതിനനുസരിച്ച് മനുഷ്യരോടുള്ള മനുഷ്യത്വപരമായ ഇടപെടലുകള്‍ക്ക് മാറ്റം വരുത്തരുതെന്ന് പാപ്പാ പറഞ്ഞു. ആതുരസേവനരംഗത്ത് ഓരോ മാറ്റങ്ങൾ വരുമ്പോഴും അതെല്ലാം ജീവന്റെ സംരക്ഷണത്തിനും സുരക്ഷയ്ക്കും ഉതകുന്നതാണോ എന്ന് മനസിലാക്കിയശേഷം മാത്രമേ മനുഷ്യരിൽ പരീക്ഷിക്കാവൂ എന്നും പാപ്പാ ഊന്നിപ്പറഞ്ഞു.

ചികിത്സയ്ക്കായി ഓരോരുത്തരെ സമീപിക്കുമ്പോഴും ഈശോ പഠിപ്പിച്ച  കാര്യങ്ങൾ ഓർക്കുക. ഓരോ വ്യക്തിയും ഒരു മനുഷ്യനാണെന്നും ഇപ്പോൾ ഏത് നിലയിലാണ് ഉള്ളതെങ്കിലും അവർക്കെല്ലാം കൃത്യമായ വ്യക്തിത്വങ്ങൾ ഉണ്ടെന്നും മനസിൽ ഓർത്തുകൊണ്ടു വേണം അവരെ സമീപിക്കാനെന്നും പാപ്പാ പറഞ്ഞു. പ്രതിഫലം മുന്നിൽ കണ്ടുകൊണ്ട് മാത്രം സമീപിക്കേണ്ട മേഖലയല്ല ആതുരശുശ്രൂഷാരംഗമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.