
വിശുദ്ധ നാട് ശാന്തമാവുന്നതിനുവേണ്ടി, വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേല്‍, പാലസ്തീന് നേതാക്കളോട് ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷങ്ങള്‍ പ്രശ്നപരിഹാരത്തിലേയ്ക്കല്ല, മറിച്ച് മരണത്തിലേയ്ക്കും തകര്‍ച്ചയിലേയ്ക്കും മാത്രമേ നയിക്കുകയുള്ളൂവെന്നും പാപ്പാ പറഞ്ഞു.
ദൈവനാമത്തിലാണ് പാപ്പാ അഭ്യര്‍ത്ഥന നടത്തിയത്. അഞ്ച് ദിവസത്തിലധികം നീണ്ട സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യാതൊന്നുമറിയാത്ത കുട്ടികളുടേയും മറ്റും മരണം ഭീകരവും അസ്വീകാര്യവുമാണെന്നും ഭാവിയെ പണിതുയര്ത്താനല്ല, തച്ചുടയ്ക്കാനാണ് ഇപ്പോള്‍ പലരും ശ്രമിക്കുന്നതെന്നതിന്റെ തെളിവാണ് ഇവയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
“സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനുമാണ് ഇവിടെ തകര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരസ്പരം മികച്ച ചര്‍ച്ചകള്‍ ഉണ്ടായാല്‍ മാത്രമേ അവയ്ക്ക് പരിഹാരമാവുകയുള്ളൂ. ആയുധങ്ങളുടെ ഘോഷം ഒവിവാക്കാന്‍ ഇനിയെങ്കിലും ശ്രമിക്കൂ. പകരം സമാധാനത്തിന്റെ പാതയിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ മടങ്ങിവരൂ” – പാപ്പാ പറഞ്ഞു.
സംഘര്‍ഷങ്ങളില്‍ ഇരയായവര്‍ക്കു വേണ്ടി, പ്രത്യേകിച്ച് കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തോടും ഇക്കാര്യത്തില്‍ പ്രത്യേകം മാദ്ധ്യസ്ഥ്യം യാചിക്കാമെന്നും പാപ്പാ പറഞ്ഞു.