പാപ്പായുടെ സന്ദര്‍ശനം; ഇറാഖിലെ പ്രാദേശികസഭയ്ക്ക് ഇന്ന് പ്രാര്‍ത്ഥനാദിനം

മാര്‍ച്ച് 5 മുതല്‍ 8 വരെ ഫ്രാന്‍സിസ് പാപ്പാ ഇറാഖില്‍ നടത്താനിരിക്കുന്ന ഇടയസന്ദര്‍ശനത്തിന്റെ വിജയത്തിനായി ജനുവരി 17, ഞായറാഴ്ച മുതല്‍ പ്രാദേശികസഭ പ്രാര്‍ത്ഥനയില്‍. മാര്‍പാപ്പായെ പാര്‍ത്തിരിക്കുന്ന ഇറാഖിലെ കത്തോലിക്കാസഭ പതിനേഴാം തീയതി ഞായറാഴ്ച മുതല്‍ (17/01/21) പ്രത്യേക പ്രാര്‍ത്ഥനകളോടെ ആദ്ധ്യാത്മിക ഒരുക്കം ആരംഭിക്കുന്നു.

മാര്‍ച്ച് 5 മുതല്‍ 8 വരെ തീയതികളിലായിരിക്കും ഫ്രാന്‍സിസ് പാപ്പാ ഇറാഖില്‍ ഇടയസന്ദര്‍ശനം നടത്തുക. ഈ യാത്രയ്ക്കുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് വിശ്വാസികള്‍ ഈ വരുന്ന ഞായറാഴ്ച മുതല്‍ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുക. ഈ പ്രാര്‍ത്ഥന, ഇറാഖിലെ ബാബിലോണിയായിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് റഫായേല്‍ സാക്കൊ തയ്യാറാക്കിയതാണ്.

പാര്‍ത്തിരിക്കുന്ന സന്ദര്‍ശനം വിജയകരമായി നടത്താന്‍ കഴിയുന്നതിന് ഫ്രാന്‍സിസ് പാപ്പായ്ക്ക് ആരോഗ്യവും ഐശ്വര്യവും നമ്മുടെ ദൈവമായ കര്‍ത്താവ് പ്രദാനം ചെയ്യുന്നതിനും വേദനാജനകങ്ങളായ സംഭവങ്ങള്‍ക്ക് സാക്ഷികളായ ഇറാക്കിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച്, സംഭാഷണവും സാഹോദര്യ അനുരഞ്ജനവും ശക്തപ്പെടുത്താനും പരസ്പരവിശ്വാസം സംജാതമാക്കാനും സമാധാനത്തിന്റെയും മാനവാന്തസ്സിന്റെയും മൂല്യങ്ങള്‍ ബലപ്പെടുത്താനുമുള്ള പാപ്പായുടെ പരിശ്രമങ്ങളെ ദൈവം അനുഗ്രഹിക്കുന്നതിനും വേണ്ടിയുള്ള പ്രാര്‍ത്ഥന ഇതില്‍ ഉള്‍ക്കൊള്ളുന്നു.

പാപ്പായുടെ ആസന്നമായിരിക്കുന്ന ഇടയസന്ദര്‍ശനം ഇറാഖിന് പുനര്‍ജന്മത്തിന്റെ അടയാളമാണെന്ന് പാപ്പാ സന്ദര്‍ശനവിവരം ഇക്കഴിഞ്ഞ ഡിസംബര്‍ 7-ന് അറിഞ്ഞയുടനെ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ സാക്കോ പ്രതികരിച്ചിരുന്നു. പാപ്പായുടെ ഭാവിസന്ദര്‍ശനം ഒരു വിനോദയാത്രയല്ല മറിച്ച്, അനിശ്ചിതത്വത്തിന്റെ ഒരു കാലത്തിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കും സാന്ത്വനസന്ദേശമേകുന്ന ഒരു തീര്‍ത്ഥാടനമാണെന്ന് അദ്ദഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.