ജപമാല മാരത്തണിന് വത്തിക്കാന്‍ ഗാര്‍ഡനില്‍ വച്ച് പാപ്പാ സമാപനം കുറിക്കും

കോവിഡ് മുക്തിക്കായി ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത മെയ്‌ മാസ റോസറി മാരത്തണ്‍ അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് എത്തിയിരിക്കുന്നു. മെയ്‌ 31-ന് വത്തിക്കാനില്‍ പാപ്പായുടെ നേതൃത്വത്തില്‍ അര്‍പ്പിക്കുന്ന തിരുക്കര്‍മ്മങ്ങളോടെയാണ് റോസറി മാരത്തണ്‍ സമാപിക്കുക. വത്തിക്കാന്‍ ഗാര്‍ഡനിലെ ഗ്രോട്ടോയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുക.

തദവസരത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലെ ഗ്രോട്ടോയില്‍, കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രമാണ് പ്രതിഷ്ഠിക്കുക. ഫ്രാന്‍സിസ് പാപ്പാ തന്നെയാണ് ആ ചിത്രം വയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. തിന്മയ്‌ക്കെതിരെ വിജയം നേടുന്നതിന്റെയും കരുണയുടേയും പ്രത്യാശയുടേയും സന്ദേശം പകരുന്ന ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവിന്റേതെന്ന പ്രത്യേകതയുമുണ്ട്.

മെയ്‌ ഒന്നിന് വത്തിക്കാന്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ ഉദ്ഘാടനം കുറിച്ച റോസറി മാരത്തണിന് ഓരോ ദിവസവും വിവിധ രാജ്യങ്ങളിലെ ബസിലിക്കകളാണ് നേതൃത്വം നല്‍കിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക നിയോഗങ്ങളോടെ ജപമാല അര്‍പ്പിക്കപ്പെട്ടു. ഈ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേയ്‌ക്കെല്ലാം പാപ്പാ ജപമാല വെഞ്ചരിച്ച് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദി പ്രമോഷന്‍ ഓഫ് ന്യൂ ഇവാഞ്ചലൈസേഷനാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.

ജപമാല പ്രാര്‍ത്ഥന തിന്മയ്ക്കെതിരെയുള്ള ശക്തമായ ആയുധവും നമ്മുടെ ഹൃദയങ്ങളില്‍ യഥാര്‍ത്ഥ സമാധാനം വിതയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗവുമാണെന്ന് ഫ്രാന്‍സിസ് പാപ്പാ മാരത്തണിനു മുന്നോടിയായി പറഞ്ഞിരുന്നു. കന്യകയ്ക്കായി സമര്‍പ്പിക്കപ്പെട്ട മെയ്‌ മാസത്തില്‍, രക്ഷാകരചരിത്രത്തിന്റെ സംഗ്രഹമായ പരിശുദ്ധ അമ്മേ, ഞങ്ങള്‍ ജപമാല അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. തിന്മയ്ക്കെതിരായ ശക്തമായ ആയുധമായ ജപമാല, നമ്മുടെ ഹൃദയങ്ങളില്‍ യഥാര്‍ത്ഥ സമാധാനം വിതയ്ക്കുന്ന ഫലപ്രദമായ മാര്‍ഗ്ഗവുമാണ്. കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും എല്ലാ തിന്മകളില്‍ നിന്നും നിങ്ങളെ എപ്പോഴും സംരക്ഷിക്കുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.