ഇന്ന് ദൈവകരുണയുടെ ഞായറാഴ്ച, പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തില്‍ പാപ്പായുടെ ദിവ്യബലി

ദൈവിക കരുണയുടെ ഞായറായ ഇന്ന്, തിരുനാള്‍ കുര്‍ബാന മാര്‍പാപ്പാ റോമില്‍ പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തില്‍ അര്‍പ്പിക്കും. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഫ്രാന്‍സിസ് പാപ്പാ 1994 മുതല്‍ ദൈവിക കാരുണ്യത്തിനു സമര്‍പ്പിതവും വത്തിക്കാന് സമീപത്തുള്ളതുമായ ഈ ദേവാലയത്തില്‍ ദൈവിക കാരുണ്യ ഞായര്‍ ദിവ്യബലി അര്‍പ്പിക്കുന്നത്.

പ്രാദേശിക സമയം രാവിലെ 10.30-ന്, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കും. കോവിഡ് -19 രോഗപ്രതിരോധ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഇതില്‍ പങ്കുകൊള്ളുന്ന വിശ്വാസികളുടെ എണ്ണം 80-ല്‍ താഴെയായി നിജപ്പെടുത്തിയിരിക്കുന്നു. തടവുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അംഗവൈകല്യം സംഭവിച്ചവര്‍, സിറിയ, നൈജീരിയ ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ പ്രാതിനിദ്ധ്യം ഈ ദിവ്യബലിയില്‍ ഉണ്ടായിരിക്കും.

ദൈവിക കരുണയുടെ ജൂബിലി വര്‍ഷത്തില്‍ പാപ്പാ പ്രത്യേകം നിയോഗിച്ച ആയിരത്തിലേറെ വരുന്ന കാരുണ്യത്തിന്റെ പ്രേഷിതരായ വൈദികരെ പ്രതിനിധാനം ചെയ്യുന്ന ഏതാനും ദൈവിക കരുണയുടെ പ്രേഷിതവൈദികര്‍ സഹകാര്‍മ്മികരായിരിക്കും. ഉയിര്‍പ്പുകാലത്തില്‍ ചൊല്ലുന്ന സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്നു തുടങ്ങുന്ന മദ്ധ്യാഹ്നപ്രാര്‍ത്ഥന പാപ്പാ ഈ ദിവ്യബലിയുടെ അവസാനം നയിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.