ഇറാക്കിലെ സഭാനേതൃത്വത്തിന് ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശത്തിലെ പ്രസക്തഭാഗങ്ങള്‍

മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, മതാദ്ധ്യാപകര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പാപ്പായുടെ സന്ദേശം ആരംഭിച്ചതിങ്ങനെയാണ്: നമ്മുടെ സഹോദരീ സഹോദരന്മാര്‍ കര്‍ത്താവിനോടും തിരുസഭയോടുമുള്ള തങ്ങളുടെ വിശ്വസ്തതയുടെ പൂര്‍ണ്ണതയില്‍, തങ്ങളുടെ രക്തത്താല്‍ ശുദ്ധീകരിച്ച രക്ഷാകര നാഥയുടെ കത്തീഡ്രലിലാണ് നാം സമ്മേളിച്ചിരിക്കുന്നത്. അവരുടെ ത്യാഗത്തിന്റെ ഓര്‍മ്മകളിലൂടെ നമ്മുടെ വിശ്വാസം പുതുക്കപ്പെടുകയും ശക്തിപ്പെടുകയും വേണം. കാരണം, ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരിക്കുന്നത് എല്ലായിടത്തും ക്രിസ്തുവിന്റെ സ്‌നേഹത്തിന് സാക്ഷ്യംവഹിക്കാന്‍ വേണ്ടിയാണ്.

കടുകുമണിപോലുള്ള വിശ്വാസം

കഴിഞ്ഞ ദശകങ്ങളില്‍ ഇറാഖി വിശ്വാസികള്‍ നേരിട്ട പ്രതിസന്ധികളായ യുദ്ധത്തിന്റെയും മതപീഡനത്തിന്റെയും പ്രത്യാഘാതങ്ങളെ അനുസ്മരിച്ച പാപ്പാ, കടുക് മണിപോലെ ചെറുതാണ് ഇറാഖിലെ കത്തോലിക്കാ സമൂഹമെങ്കിലും, അവരിലെ വിശ്വാസരൂപീകരണത്തില്‍ ശ്രദ്ധിക്കുന്നതിനും, അവരെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിനും, അവരെ പിന്തുണയ്ക്കുന്നതിനും തന്റെ സഹോദര മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പാപ്പാ നന്ദിയും അഭിനന്ദനവും അറിയിച്ചു.

കൂട്ടായ്മയ്ക്കുള്ള ക്ഷണം

ക്രിസ്തു സ്‌നേഹം, എല്ലാവിധ സ്വാര്‍ത്ഥതയേയും മത്സരങ്ങളേയും മാറ്റിവച്ച്, സാര്‍വത്രിക കൂട്ടായ്മയിലേക്ക് പ്രവേശിക്കുന്നതിന് നമ്മെ പ്രചോദിപ്പിക്കുമെന്ന് പറഞ്ഞ പാപ്പാ, ”നിങ്ങളെ ഭിന്നിപ്പിക്കുന്ന ഒന്നും നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കരുത്… ഒരേ പ്രാര്‍ത്ഥനയും, ഒരേ മനസും, ഒരേ പ്രത്യാശയും മാത്രം നിങ്ങളുടെ സ്‌നേഹത്തിലും സന്തോഷത്തിലും ഉണ്ടായിരിക്കട്ടെ” എന്ന അന്ത്യോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസിന്റെ ഉദ്ബോധനവും ചൂട്ടിക്കാട്ടി.

മെത്രാന്മാരോട്…

ഇറാഖിലെ ബിഷപ്പുമാരോടുള്ള പാപ്പായുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുക, നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തിനും വൈദികര്‍ക്കും നിങ്ങളുടെ സാന്നിധ്യം നല്‍കുക, പ്രത്യേകിച്ച് സഹോദര വൈദികരോട് കൂടുതല്‍ അടുത്തുനില്‍ക്കുക. അവര്‍ നിങ്ങളെ വെറുമൊരു രക്ഷാധികാരിയോ രൂപതാ മാനേജറോ മാത്രമായി കാണരുത്, മറിച്ച് യഥാര്‍ത്ഥ പിതാക്കന്മാരായി, തുറന്ന മനസ്സോടെ അവര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ തയ്യാറാവുക. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിരന്തരം അവരെ ഓര്‍ക്കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കി അവരോടൊപ്പം ആയിരിക്കുക.

വൈദികരോടും സന്ന്യസ്തരോടും…

തുടര്‍ന്ന്, വൈദികരോടും, സന്യാസി-സന്യാസിനികളോടും, മതബോധനാധ്യാപക പ്രതിനിധികളോടും, വൈദിക വിദ്യാര്‍ത്ഥികളോടുമായി പാപ്പാ പറഞ്ഞു: നിങ്ങള്‍ എല്ലാവരും, യുവാവായ സാമുവലിനെ പോലെ കര്‍ത്താവിന്റെ ശബ്ദം ഹൃദയത്തില്‍ ശ്രവിച്ചവരാണ്. ദിനംപ്രതി അത് പുതിക്കിക്കൊണ്ടേയിരിക്കുക, ധൈര്യത്തോടും തീക്ഷ്ണതയോടും കൂടി സുവിശേഷം പങ്കുവയ്ക്കാന്‍ അത് നിങ്ങളെ സഹായിക്കും. ദൈവവചനത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ട് പോവുക, സുവിശേഷം പ്രഘോഷിക്കുക. നിങ്ങളുടെ സേവനത്തിന് ഒരു ഭരണപരമായ ഘടകമുണ്ടെന്നത് യാഥാര്‍ഥ്യമാണ്, എന്നാല്‍ മുഴുവന്‍ സമയവും മീറ്റിംഗുകളിലോ പഠനമുറികളിലോ ചെലവഴിക്കരുത്. വിശ്വാസ സമൂഹത്തിനോടൊപ്പം ആയിരിക്കുക. നിങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരല്ല മറിച്ച്, ദൈവജനത്തിന്റെ സേവകരാണ്. ജനങ്ങളുമായുള്ള ബന്ധം ഒരിക്കലും ഉപേക്ഷിക്കരുത്.

യുവാക്കളോട്…

യുവാക്കളോട് പാപ്പായുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു; എല്ലായിടത്തുമുള്ള യുവാക്കള്‍ വാഗ്ദാനത്തിന്റെയും പ്രത്യാശയുടേയും അടയാളമാണ്, എന്നാല്‍ പ്രത്യേകിച്ച് ഈ രാജ്യത്ത് നിങ്ങള്‍ അമൂല്യമായ പുരാവസ്തുക്കളോ നിധികളോ മാത്രമല്ല, മറിച്ച് വിലമതിക്കാത്തതും ഭാവിക്കായി സൂക്ഷിച്ചുവച്ചിരിക്കുന്നതുമായ നിധിയുടെ ശേഖരമാണ്.

രക്തസാക്ഷികളെ അനുസ്മരിച്ചു

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രക്ഷാകര നാഥയുടെ കത്തീഡ്രലില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണമടഞ്ഞ വിശ്വാസികളെ അനുസ്മരിക്കുകയും, അവരെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുവെന്ന് പാപ്പാ സൂചിപ്പിക്കുകയും ചെയ്തു.

സാക്ഷ്യമാകുവാനുള്ള ആഹ്വാനം

രക്ഷയുടെ ചരിത്രവുമായി വളരെ അടുത്ത ബന്ധമുള്ള ഈ ദേശത്ത് മിഷനറിമാരായി അയക്കപ്പെട്ടവരാണ് നിങ്ങളെന്നും, ആ മഹത്തായ ചരിത്രത്തിന്റെ ഭാഗമാണ് നിങ്ങളെന്നും, ദൈവത്തിന്റെ അനന്തമായ വാഗ്ദാനങ്ങള്‍ക്കാണ് നിങ്ങള്‍ സാക്ഷ്യംവഹിക്കുന്നതെന്നും പറഞ്ഞ പാപ്പാ, കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുന്നതിനും, നിങ്ങളുടെ ആത്മാവ് നമ്മുടെ രക്ഷകനായ ദൈവത്തില്‍ ആഹ്ലാദിക്കുന്നതിനും, നിങ്ങളുടെ സാക്ഷ്യം പ്രതികൂല സാഹചര്യങ്ങളില്‍ പക്വത പ്രാപിച്ച്, രക്തസാക്ഷികളുടെ രക്തത്താല്‍ ശക്തിപ്പെടുകയും ചെയ്യട്ടെ എന്ന ആശീര്‍വാദത്തോടെയാണ് തന്റെ സന്ദേശം ഉപസംഹരിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.