ഫ്രാന്‍സിസ് പാപ്പാ ഇന്ന് ബാള്‍ക്കന്‍ നാടുകളിലേക്ക്

ഫ്രാന്‍സിസ് പാപ്പായുടെ ഇരുപത്തിയൊൻപതാം വിദേശ അപ്പസ്തോലിക പര്യടനം ഇന്ന് ആരംഭിക്കും. ബാള്‍ക്കന്‍ നാടുകളായ ബള്‍ഗേറിയയും ഉത്തര മാസിഡോണിയയും ആണ് ഈ ത്രിദിന ഇടയസന്ദര്‍ശനത്തിന്‍റെ വേദികള്‍.

ഇന്നു രാവിലെ റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബള്‍ഗേറിയയിലേക്കു പുറപ്പെടുന്ന പാപ്പാ, രണ്ടു ദിവസം അതായത് ഇന്നും നാളെയും അന്നാട്ടില്‍ ചിലവഴിക്കും. ചൊവ്വാഴ്ച (07/05/2019) ഉത്തര മാസിഡോണിയയിലേക്കു പുറപ്പെടുന്ന പാപ്പാ, അന്നു രാത്രി വത്തിക്കാനില്‍ തിരിച്ചെത്തും.

ഈ രണ്ടു നാടുകളിലുമായി പാപ്പാ വ്യോമ-കര മാര്‍ഗ്ഗങ്ങളിലൂടെ 2057 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. 12 പ്രഭാഷണങ്ങള്‍ നടത്തും. ബള്‍ഗേറിയയായുടെ തലസ്ഥാന നഗരിയായ സോഫിയായില്‍ ഞായറാഴ്ച രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന് പാപ്പാ വിമാനമിറങ്ങും. റോമില്‍ നിന്ന് സോഫിയായിലേക്കുള്ള വ്യോമദൂരം 895 കിലോമീറ്ററും യാത്രാസമയം 2 മണിക്കൂറുമാണ്.