സഭയ്ക്കുവേണ്ടി തുടരുന്ന സേവനങ്ങള്‍ക്ക് പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് പാപ്പാ

പൗരോഹിത്യ സ്വീകരണത്തിന്റെ 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന പോപ്പ് എമരിറ്റസ് ബെനഡിക്ട് 16-ാമന് അഭിനന്ദനവും നന്ദിയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ. “ഇന്ന് നമ്മുടെയെല്ലാം ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ഒരു വാര്‍ഷികം നാം ആഘോഷിക്കുകയാണ്” എന്ന വാക്കുകളോടെയാണ് ഏഞ്ചലസ് പ്രാര്‍ത്ഥനയുടെ സമാപനവേളയില്‍ പാപ്പാ തന്റെ ആശംസാ സന്ദേശം ആരംഭിച്ചത്.

പ്രിയ പിതാവും സഹോദരനും’ എന്നാണ് തന്റെ മുന്‍ഗാമിയും വി. പത്രോസിന്റെ 265-ാം പിന്‍ഗാമിയുമായ ബെനഡിക്ട് 16-ാമനെ ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിച്ചത്. “പ്രിയ പിതാവും സഹോദരനുമായ പ്രിയപ്പെട്ട ബെനഡിക്ട്, ഞങ്ങളുടെ സ്നേഹവും കൃതജ്ഞതയും സാമീപ്യവും അറിയിക്കുന്നു. നന്ദി, ബെനഡിക്റ്റ്, അങ്ങയുടെ അമൂല്യമായ സാക്ഷ്യത്തിന് നന്ദി പറയുന്നു. ദൈവത്തിന്റെ ചക്രവാളത്തിലേക്കുള്ള അങ്ങയുടെ ഉറ്റുനോട്ടത്തിന് നന്ദി!”

മാത്തര്‍ എക്ലേസിയ ആശ്രമത്തിലായിരുന്ന് സഭയ്ക്കും റോം രൂപതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ സഭയ്ക്കുവേണ്ടി അദ്ദേഹം തുടരുന്ന സേവനത്തിന് നന്ദി പറയുന്നതായും പാപ്പാ പറഞ്ഞു.

ബെനഡിക്ട് 16-ാമന്റെ പൗരോഹിത്യസ്വീകരണ വാര്‍ഷികത്തോട് അനുബന്ധിച്ച് വത്തിക്കാനില്‍ ക്രമീകരിച്ച സ്പെഷല്‍ എക്സിബിഷനും തുടക്കമായി. ബെനഡിക്ട് 16-ാമന്റെ ജീവിതം അടയാളപ്പെടുത്തുന്ന വിവിധ കാലങ്ങളിലെ ഫോട്ടോഗ്രാഫുകള്‍ മുതല്‍ അദ്ദേഹം ഉപയോഗിച്ചതും ഉപയോഗിക്കുന്നതുമായ വിവിധ വസ്തുക്കളുമാണ് ‘പോളി ആര്‍ട്ട് ഗ്യാലറി’യില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.