ലബനീസ് പതാകയുമായി ജനറൽ ഓഡിയൻസിൽ എത്തിയ വൈദികനെ അടുത്തു വിളിച്ച് ഫ്രാൻസിസ് പാപ്പാ

ലബനോന്റെ വലിയ പതാകയുമായി പാപ്പായുടെ ജനറൽ ഓഡിയൻസിൽ പങ്കെടുക്കാൻ എത്തിയ വൈദികനെ അത്ഭുതപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. പതാകയുമായി നിൽക്കുന്ന വൈദികനെ തന്റെ പക്കലേയ്ക്ക് വിളിക്കുകയും ലബനന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ മരോനൈറ്റ് പുരോഹിതനായ ഫാ. ജോർജ്ജ് ബ്രെഡിയെ അത്ഭുതപ്പെടുത്തിയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന പാപ്പായുടെ ജനറൽ ഓഡിയൻസ് പുനരാരംഭിച്ച ദിവസം തന്നെയാണ് ഈ സംഭവം. വലിയ ലബനീസ് പതാകയുമായി നിൽക്കുന്ന വൈദികനെ കണ്ട പാപ്പാ തന്റെ സമീപത്തേയ്ക്കു അദ്ദേഹത്തെ വിളിച്ചു. ലബനന് വേണ്ടി പ്രാർത്ഥിക്കുകയും സെപ്റ്റംബർ നാലാം തീയതി ലബനനുവേണ്ടി പ്രത്യേക പ്രാർത്ഥനാ ദിനമായി ആചരിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഫാ. ബ്രെഡി ലെബനൻ മരോനൈറ്റ് മിഷനറി സഭയിലെ അംഗമാണ്. കഴിഞ്ഞ നാലു വർഷമായി ഇറ്റലിയിൽ പഠിക്കുകയാണ് അദ്ദേഹം. പാപ്പായുടെ സന്ദേശം തന്റെ രാജ്യത്ത് വലിയ മാറ്റങ്ങൾക്കു വഴി തെളിക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.