പ്രത്യാശ ഒരിക്കലും ഇല്ലാതാകുന്നില്ല! കാരണം വ്യക്തമാക്കി മാര്‍പാപ്പ

ജീവിതത്തില്‍ എന്തു സംഭവിച്ചാലും പ്രത്യാശ കൈവിടരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യാശയെന്നത് വെറും ശുഭാപ്തി വിശ്വാസമല്ലെന്നും അത് ദൈവത്തിലുള്ള ആഴമായ വിശ്വാസവും സ്‌നേഹവുമാണെന്നും പാപ്പാ പറഞ്ഞു. പ്രത്യാശ ഒരിക്കലും ഇല്ലാതാകുന്നില്ല. കാരണം, അതിന് ദൈവവുമായിട്ടുള്ള ബന്ധമാണ്.

2016-2017 വര്‍ഷങ്ങളില്‍ ഭൂമികുലുക്കം ഉണ്ടായ കാമെറിനോ സാന്‍ സേവേറിനോ മാര്‍ച്ചീ സന്ദര്‍ശനവേളയില്‍ വിശുദ്ധ ബലി അര്‍പ്പിച്ച് വചനസന്ദേശം നല്‍കവേയാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത് – ‘പ്രത്യാശയുടെ കിരണങ്ങള്‍ വെറും ശുഭാപ്തിവിശ്വാസമല്ല. അതിന് ആഴത്തില്‍ വേരുകളുണ്ട്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് വരുന്നതാണ് അത്. പുറമെ എന്തു സംഭവിച്ചാലും അകത്ത് സമാധാനവും സന്തോഷവും നല്കുന്നത് പ്രത്യാശയാണ്. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്നാണല്ലോ വി. പൗലോസ് പറയുന്നത്.’

പ്രത്യാശയില്‍ ഒരിക്കലും നിരാശയില്ല. എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാനുള്ള ശക്തി അത് നല്കുന്നു. പരിശുദ്ധാത്മാവ് നമ്മെ പ്രത്യാശയില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. അവിടുത്തെ ക്ഷണിക്കുക. അവിടുത്തെ ക്ഷണിക്കുമ്പോള്‍ പരിശുദ്ധാത്മാവ് നമ്മുടെ അടുത്തുവരും. അവിടുന്ന് ആശ്വാസദായകനാണ്. പരിശുദ്ധാത്മാവ് നമുക്ക് പ്രത്യാശ നല്കുന്നു.

നമുക്കോരോരുത്തര്‍ക്കും ദൈവത്തിന്റെ കണ്ണില്‍ വളരെയധികം വിലയുണ്ട്. ദൈവം നമുക്ക് മറ്റെന്തിനെക്കാളും അമൂല്യമാണ് – പാപ്പാ വ്യക്തമാക്കി.