അഭയാര്‍ത്ഥികള്‍ക്ക് സഹായമേകി ഫ്രാന്‍സിസ് പാപ്പാ

ബോസ്‌നിയ – ഹെര്‍സഗോവിനയിലെ ലിപാ നഗരത്തില്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണാര്‍ത്ഥമുള്ള പുതിയ ക്യാമ്പ് നിര്‍മ്മാണത്തില്‍ സംഭാവന നല്‍കി ഫ്രാന്‍സിസ് പാപ്പാ. രാജ്യത്തെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ലൂയി പെസ്സൂട്ടോ വഴിയാണ് പാപ്പാ സഹായമെത്തിച്ചത്. “ബുദ്ധിമുട്ടേറിയ ഈ സമയത്ത് പാപ്പാ നല്‍കിയ സഹായം പല രാജ്യങ്ങളുടേയും സഹായം ആവശ്യമുളള നിസ്സഹായരായ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ഉതകുന്നതാണ്” – ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

ആവശ്യക്കാരെ സഹായിക്കാനും അവരുടെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കാനും മാതൃകയാകുന്ന തരത്തിലുള്ള സഹായമാണ് ക്യാമ്പ് നിര്‍മ്മാണത്തിനായി പാപ്പാ നല്‍കിയത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അഭയമേകുന്ന തരത്തില്‍ രണ്ട് മള്‍ട്ടി പര്‍പ്പസ് മുറികളും രണ്ട് ഡൈനിംഗ് ഏരിയകളുമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. രൂപതയിലെ തന്നെ കാരിത്താസ് സംഘടനയുടേയും മറ്റ് സുമനസ്സുകളുടേയും സഹായസഹകരണങ്ങളോടെയാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്.

അഭയാര്‍ത്ഥികളോട് ഐക്യവും കരുതലും അനുകമ്പയും ഉണ്ടാകണമെന്ന് പാപ്പാ നിരന്തരം അഭ്യര്‍ത്ഥിക്കാറുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ അഭയാര്‍ത്ഥികളായി എത്തുന്നവരോടുള്ള തന്റെ കരുതല്‍ പാപ്പാ നിരന്തരം അറിയിക്കാറുമുണ്ട്. വാക്കുകളിലൂടെയുള്ള സുവിശേഷപ്രഘോഷണത്തിന് ബലമേകാന്‍ പ്രവര്‍ത്തിയിലൂടെയും പാപ്പാ ഇപ്പോള്‍ മാതൃക നല്‍കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.