കര്‍ദ്ദിനാള്‍ ഉറോസ സവീനൊ കാലം ചെയ്തു; അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

തെക്കേ അമേരിക്കന്‍ രാജ്യമായ വെനെസ്വേല സ്വദേശി കര്‍ദ്ദിനാള്‍ ഹൊര്‍ഹെ ലിബെരാത്തൊ ഉറോസ സവീനൊ കാലം ചെയ്തു. കോവിഡ് രോഗബാധിതനായി ആഗസ്റ്റ് അവസാനം മുതല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന് വ്യാഴാഴ്ച (23/09/21) ആണ് അന്ത്യം സംഭവിച്ചത്. വെനെസ്വേലയിലെ കരാക്കാസ് അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ഉറോസ സവീനൊയ്ക്ക് 79 വയസ്സായിരുന്നു പ്രായം. കര്‍ദ്ദിനാള്‍ സവീനൊയുടെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 218 ആയി കുറഞ്ഞു.

വെനെസ്വേലയെ അലട്ടുന്ന പ്രതിസന്ധികളെ സമാധാനപരമായി പരിഹരിക്കുന്നതിന് സംഘാതമായി യത്‌നിക്കാന്‍ അന്നാട്ടിലെ രാഷ്ട്രീയോത്തരവാദിത്വമുള്ളവരെ തന്റെ അന്ത്യനിമിഷം വരെ നിരന്തരം ക്ഷണിക്കുകയും യാതനകളനുഭവിക്കുന്ന ജനങ്ങളുടെ ചാരെ ആയിരിക്കുകയും ചെയ്യാന്‍ ശ്രമിച്ച കര്‍ദ്ദിനാള്‍ ഹൊര്‍ഹെ ലിബെരാത്തൊ ഉറോസ സവീനൊയുടെ ജനനം കരാക്കാസില്‍ 1942 ആഗസ്റ്റ് 28 -നായിരുന്നു. 1967 ആഗസ്റ്റ് 15 -ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1982 സെപ്റ്റംബര്‍ 22 -ന് മെത്രാനായി അഭിഷിക്തനാകുകയും 2006 മാര്‍ച്ച് 24 -ന് കര്‍ദ്ദിനാളാക്കപ്പെടുകയും ചെയ്തു.

കര്‍ദ്ദിനാള്‍ ഹൊര്‍ഹെ ലിബെരാത്തൊ ഉറോസ സവീനൊയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ തന്റെ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ദൈവത്തെയും സഭയെയും സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ഇടയനാണ് അദ്ദേഹമെന്ന് പാപ്പാ തന്റെ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.