സ്ത്രീവിരുദ്ധ ആക്രമണങ്ങൾ ദൈവത്തോടുള്ള ദ്രോഹമെന്ന് പാപ്പാ

ലോകത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പാ. സ്ത്രീവിരുദ്ധ ആക്രമണങ്ങൾ ദൈവത്തോടുള്ള ദ്രോഹമെന്ന് പാപ്പാ പറഞ്ഞു. ജനുവരി ഒന്നിന് തിരുസഭ ദൈവമാതാവിൻറെ തിരുന്നാളും ലോകസമാധാന ദിനവും ആചരിക്കുന്നതിനോടനുബന്ധിച്ച് ഇക്കൊല്ലം പുതുവത്സരദിനത്തിൽ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കവെയാണ് പാപ്പാ ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ സ്ത്രീവിരുദ്ധ പീഢനങ്ങളെക്കുറിച്ച് അനുസ്മരിച്ചത്.

ഒരു സ്ത്രീയെ മുറിവേല്പിക്കുമ്പോൾ അത് ഒരു സ്ത്രീയിൽ നിന്ന് മനുഷ്യപ്രകൃതി സ്വീകരിച്ച ദൈവത്തിനു നേർക്കുള്ള മഹാദ്രോഹമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. സ്ത്രീയുടെ മാതൃസ്വഭാവത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, അമ്മയായ അവൾ ജീവൻ നല്കുകയും ലോകത്തെ കാക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവിക്കുകയും അമ്മമാരെ പരിപോഷിപ്പിക്കാനും അവർക്കു സംരക്ഷണം ഉറപ്പാക്കാനും പരിശ്രമിക്കുകയെന്ന നമ്മുടെ കടമയെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു.

അമ്മമാർ ലോകത്തെ നോക്കുന്നത് അതിനെ ചൂഷണവിധേയമാക്കാനല്ല പ്രത്യുത അതിന് ജീവനുണ്ടാകേണ്ടതിനാണെന്ന് പാപ്പാ പറഞ്ഞു. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം സകലവും ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു എന്ന് ലൂക്കാ സുവിശേഷകൻ പറയുന്നത് അനുസ്മരിക്കുന്ന പാപ്പാ ഈ മനോഭാവത്തെക്കുറിച്ച് നാം മറിയത്തിൽ നിന്ന് പഠിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.