പാഴാക്കികളയുന്ന ഭക്ഷണം പാവപ്പെട്ടവന് അവകാശപ്പെട്ട അന്നം; മാര്‍പാപ്പ

സ്വാര്‍ത്ഥതയുടെ ഭാഗമായി നാം കൂട്ടിവയ്ക്കുന്നതും, പൂഴ്ത്തിവയ്ക്കുന്നതും, പാഴാക്കിക്കളയുന്നതുമായ ഭക്ഷണസാധനങ്ങള്‍ പാവപ്പെട്ടവന് അവകാശപ്പെട്ട  അന്നമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗോള ഭക്ഷ്യദിനത്തില്‍ യുഎന്നിന്റെ റോമിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടനയുടെ (F.A.O.) ഡയറക്ടര്‍ ജനറല്‍ ഷീ ഡോങ്യൂവിന് അയച്ച സന്ദേശത്തിലാണ് ഈ പരാമര്‍ശം.

നല്ല ജീവിതക്രമം രൂപപ്പെടുത്തിക്കൊണ്ട് ആഹാരക്രമത്തിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കാനാകും. അതിന്റെ പിന്നില്‍ ആത്മനിയന്ത്രണത്തിന്റയും, വിരക്തിയുടെയും, ഉപവാസത്തിന്റെയും ഒപ്പം ഐക്യദാര്‍ഢ്യത്തിന്റെയും അരൂപിയുണ്ട്. മാനവികതയുടെ ചരിത്രത്തിലുടനീളം തെളിഞ്ഞുനിൽക്കുന്ന ഈ പുണ്യങ്ങള്‍ നമ്മെ മിതത്വമുള്ള ജീവിതത്തിനും മറ്റുള്ളവരുടെ വിശിഷ്യാ, പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളെക്കുറിച്ച് അവബോധമുള്ളവരായി ജീവിക്കാനും സഹായിക്കുന്നു. സ്വാര്‍ത്ഥതയും വ്യക്തിമാഹാത്മ്യ ചിന്തകളും ഒഴിവാക്കുവാനും അത് നമുക്ക് ഉത്തേജനം പകരും.

മനുഷ്യന്റെ ഭക്ഷണത്തിന് സാമൂഹികവും സാംസ്‌കാരികവും പ്രതീകാത്മകവുമായ ഒരു അര്‍ത്ഥമുണ്ട്. എന്നാല്‍, അത് വെറും ഉപഭോഗവസ്തുവോ കച്ചവടസാധനമോ ആയി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. എവിടെയും എപ്പോഴും പ്രഥമ ഉത്ക്കണ്ഠ മനുഷ്യരെക്കുറിച്ചായിരിക്കണം. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഭക്ഷണം പാഴാക്കിക്കളയുകയും, നശിപ്പിച്ചു കളയുകയും ചെയ്യുമ്പോള്‍, മറ്റിടങ്ങളില്‍ അത് അമിതമായി ഉപയോഗിക്കുകയോ, മറ്റു ചില ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ വലയത്തില്‍ നിന്നും രക്ഷപ്പെടാന്‍ അടിസ്ഥാനപരമായ ഭക്ഷ്യസ്രോതസ്സുകളിലേയ്ക്ക് എത്തിപ്പെടാന്‍ കരുത്തുള്ള സാമ്പത്തിക സ്ഥാപനങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുക്കണമെന്നും പാപ്പ കത്തില്‍ ഓര്‍മ്മിപ്പിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ