മനുഷ്യകുലത്തെ പരാജയപ്പെടുത്തുന്നത് ഇക്കാര്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധവും ഭീകരപ്രവര്‍ത്തനവും നരകുലത്തിന് നല്‍കുന്നത് സാരമായ നഷ്ടമാണെന്ന വസ്തുത ആരും മറക്കരുതെന്നും അവ മനുഷ്യന്റെ വമ്പന്‍ തോല്‍വിയാണെന്നും ഫ്രാന്‍സിസ് പാപ്പ. ‘ജനീവ കണ്‍വെന്‍ഷ’ന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്, പൊതുസന്ദര്‍ശനത്തിന്റെ സമാപനത്തില്‍ നല്‍കിയ സന്ദേശത്തിലായിരുന്നു യുദ്ധത്തിനെതിരായ പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍.

ബലപ്രയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും യുദ്ധവേളകളില്‍ പൗരന്മാര്‍ക്കും യുദ്ധത്തടവുകാര്‍ക്കും സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര ഉടമ്പടിക്ക് രൂപം കൊടുത്തത് 1929-ല്‍ സമ്മേളിച്ച ജനീവ കണ്‍വെന്‍ഷനാണ്. സായുധ സംഘര്‍ഷവേളകളില്‍ പൗരന്മാരുടെ ജീവനും ഔന്നത്യവും കാത്തുസൂക്ഷിക്കപ്പെടേണ്ടത് അനുപേക്ഷണീയമാണെന്നും പാപ്പ പറഞ്ഞു.

നിരായുധരായ ജനവിഭാഗങ്ങള്‍ക്കും പൊതുസംവിധാനങ്ങള്‍ക്കും വിശിഷ്യാ ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ആരാധനായിടങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സംരക്ഷണം ഉറപ്പു വരുത്തി, അന്താരാഷ്ട്ര നിയമം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ എല്ലാ രാഷ്ട്രങ്ങളും പാലിക്കണം. ആവശ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധമാനമാക്കാന്‍ ഈ വാര്‍ഷികം രാഷ്ട്രങ്ങള്‍ക്ക് സഹായകമാകട്ടെയെന്നും പാപ്പ ആശംസിച്ചു.