ദൈവം നല്‍കുന്ന സമാധാനവും ലോകം നല്‍കുന്ന സമാധാനവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ

ദൈവം നല്‍കുന്ന സമാധാനവും ലോകം നല്‍കുന്ന സമാധാനവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് പാപ്പാ. ലോകം നല്‍കുന്ന സമാധാനം നമ്മുടെ ഉള്ളില്‍ തന്നെ ഒതുങ്ങുമ്പോള്‍ ദൈവം നല്‍കുന്ന സമാധാനം നമ്മെ മറ്റുള്ളവരിലേക്കും സ്വര്‍ഗത്തിലേക്കും തുറവിയുള്ളവരാക്കുന്നു എന്ന് പാപ്പാ പറഞ്ഞു.

‘സമാധാനം അനസ്‌തേഷ്യ അല്ല’ എന്നും പാപ്പാ വ്യക്തമാക്കി. ലോകത്തില്‍ നടക്കുന്ന കാര്യങ്ങളോട് വികാരമില്ലായ്മയല്ല സമാധാനം. ഈ ലോകത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് നാം നമുക്ക് തന്നെ അനസ്‌ത്യേഷ്യ നല്‍കുകയാണ്. ഈ ഡോസ് തീരുമ്പോള്‍ മറ്റൊന്ന് എന്നിങ്ങനെ, പാപ്പാ വിശദീകരിച്ചു.

‘എന്നാല്‍ യേശു നല്‍കുന്ന സമാധാനം മറ്റൊന്നാണ്. അത് നമ്മെ പ്രവര്‍ത്തന നിരതരാക്കുന്ന സമാധാനമാണ്. അത് നിങ്ങളെ ഒറ്റപ്പെടുത്തുന്നില്ല, മറിച്ച് നിങ്ങളെ കര്‍മനിരതനാക്കുന്നു. മറ്റുള്ളവരിലേക്ക് കടന്നു ചെല്ലാന്‍ പ്രേരിപ്പിക്കുന്നു. സമൂഹങ്ങള്‍ സൃഷ്ടിക്കാനും സമ്പര്‍ക്കം സൃഷ്ടിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നു,’ പാപ്പാ പറഞ്ഞു.

കാസ സാന്ത മര്‍ത്തായില്‍ വച്ച് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ. ലോകം നല്‍കുന്ന സമാധാനം നമ്മുടെ ഉള്ളില്‍ സൂക്ഷിക്കുന്നതും നമ്മെ മറ്റുള്ളവരില്‍ നിന്ന് അകറ്റുന്നതുമാണെന്നും പാപ്പാ വിശദമാക്കി. അത് അല്‍പം സ്വാര്‍ത്ഥമാണ്. എനിക്ക് സമാധാനം, എന്റെയുള്ളില്‍ മാത്രം സമാധാനം എന്ന ചിന്ത, പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.