
പുറപ്പാടിന്റെ ഗ്രന്ഥഭാഗത്തെ ആധാരമാക്കിയാണ് വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കിയത്. സീനായ് മലയില്‍ മോശ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കവെയാണ് താഴെ ജനങ്ങള്‍ ആരോണിന്റെ നേതൃത്വത്തില്‍ കാളക്കുട്ടിയെ ഉണ്ടാക്കിയത്. മോശയുടെ അഭാവത്തില്‍ ജനങ്ങളെ വഴിതെറ്റിച്ച ബുദ്ധിശൂന്യനായ പുരോഹിതനായിരുന്നു ആരോണെന്ന് പാപ്പാ വിശേഷിപ്പിച്ചു. കാരണം, അയാളാണ് ജനങ്ങളില്‍ നിന്ന് വെള്ളിയും സ്വര്‍ണ്ണവും ശേഖരിച്ച്, അവ ഉരുക്കി കാളക്കുട്ടിയെ ഉണ്ടാക്കാന്‍ സഹായിച്ചത്.
വിഗ്രങ്ങളുടെ പിറകെ പോകുന്നവര്‍ ചിലതെല്ലാം നഷ്ടമാക്കുന്നുണ്ട്. ആരോണ്‍ വിഗ്രഹമുണ്ടാക്കാന്‍ ജനങ്ങളുടെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങള്‍ വാങ്ങി ഉരുക്കി. അവര്‍ക്ക് പുറപ്പാടിന്റെ നാളില്‍ ഈജിപ്തിലെ ജനങ്ങള്‍ ദാനമായി കൊടുത്ത സ്വര്‍ണ്ണവും വെള്ളിയുമാണ് വിഗ്രഹമുണ്ടാക്കാന്‍ ഉരുക്കിയത്. അതുപോലെ, വ്യക്തിജീവിതത്തിന്റെ മൂല്യങ്ങളും നന്മയും ഇഷ്ടവിഗ്രഹങ്ങള്‍ക്കും രഹസ്യവിഗ്രഹങ്ങള്ക്കും വേണ്ടി നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ അനുദിന ജീവിതത്തില്‍ ആര്‍ക്കും സംഭവിക്കാമെന്ന് പാപ്പാ വ്യക്തമാക്കി.
എന്റെ കഴുത്തില്‍ കുരിശും കൊന്തയും മാതാവുമാണ് എന്നൊക്കെ പറയാം. എന്നാല്‍, വിഗ്രഹം ഹൃദയത്തിലാണ് രഹസ്യമായി പ്രതിഷ്ഠിക്കപ്പെടുന്നതെന്ന് പാപ്പാ പറഞ്ഞു. ജീവിക്കുന്ന ദൈവത്തില്‍ നിന്നും നമ്മെ അകറ്റുന്നതും ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്നതുമായ വിഗ്രഹങ്ങളാണ് നാം ഈ തപസ്സില്‍ കണ്ടെത്തേണ്ടതും ഉപേക്ഷിക്കേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. വിശുദ്ധഗ്രന്ഥം പറയുന്ന റെയ്ച്ചല്‍, തന്റെ പിതാവിന്റെ ആഭരണങ്ങള്‍ എടുത്ത് ഒട്ടകത്തിന്റെ മേലാപ്പില്‍ ഒളിച്ചുവച്ചതുപോലെ, ഹൃദയത്തില്‍ ഒളിപ്പിച്ചിരിക്കുന്ന ഇഷ്ടവിഗ്രങ്ങള് നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാകാമെന്നും പാപ്പാ സൂചിപ്പിച്ചു (ഉല്പത്തി 31, 34).
ലൗകികതയാകാം, ആര്‍ഭാടങ്ങളാകാം നമ്മുടെ ജീവിതത്തിലെ ഒരു വിഗ്രഹം. ഇസ്രായേല്‍ കാളക്കുട്ടിയുടെ മുന്നില്‍ നൃത്തം ചവിട്ടുകയും ആടിപ്പാടുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തുവെങ്കില്‍, നാമും അതുപോലെ തെറ്റായ ആരാധനയും ആരാധനക്രമ രീതികളും ആത്മീയതയും ഇന്നു വളര്‍ത്തിയെടുക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ഇതുപോലുള്ള വിഗ്രഹങ്ങളെ പൂജിച്ചു ജീവിക്കുന്നര്‍ ദൈവികവഴികള്‍ വിട്ട് വിഗ്രഹങ്ങളുടെ പിറകെ പോകുന്നവരാണ്. അവര്‍ വഴിതെറ്റിയവരാണ്. നാം ചുറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മാനവികയാത്രകളുടെ നിഗൂഢമായ ഊടുവഴികളില്‍ നിന്നും വെളിച്ചത്തിന്റെ ദൈവികവഴികളിലേയ്ക്കും അനുതാപത്തിന്റെ വഴിയിലേയ്ക്കും തിരികെ വരാനുള്ള സമയമാണ് ഈ തപസ്സുകാലം. ദൈവകൃപയ്ക്കായ് ഹൃദയങ്ങള്‍ തുറക്കാമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനവിചിന്തനം ഉപസംഹരിച്ചത്.
ദിവ്യകാരുണ്യ സ്വീകരണത്തെ തുടര്‍ന്ന് പാപ്പാ ഹ്രസ്വമായ ആരാധന നടത്തി. രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുകയും സമാപനാശീര്‍വ്വാദം നല്‍കുകയും ചെയ്തു. സ്വയം പ്രേരിതനായി പാപ്പാ പ്രാര്‍ത്ഥിച്ചു: യേശുവേ, പരിശുദ്ധ കുര്‍ബാനയില്‍ അങ്ങ് സന്നിഹിതനാണെന്നു ഞാന്‍ വിശ്വാസിക്കുന്നു. സകലത്തിനെക്കാളും ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ ആത്മീയമായി സ്വീകരിക്കാന്‍ എന്നുള്ളം ഏറെ കൊതിക്കുന്നു. ആത്മീയമായി അങ്ങ് എന്റെ ഹൃത്തടത്തില്‍ വരണമേ. എന്റെ ഹൃദയത്തില്‍ അങ്ങയെ ഞാന്‍ ആശ്ലേഷിക്കുകയും അങ്ങില്‍ ഞാന്‍ ആനന്ദിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങില്‍നിന്നും അകന്നുപോകാന്‍ അങ്ങ് ഇടയാക്കരുതേ!”
പരിശുദ്ധാത്മാവിനായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള സാന്താ മാര്‍ത്തയിലെ കൊച്ചുകപ്പേള വിട്ടുപോകുന്നതിനു മുന്‍പ് പാപ്പാ കന്യാകാനാഥയുടെ സ്വരൂപത്തിനു മുന്നില്‍ നിന്നുകൊണ്ട് സ്വര്‍ഗ്ഗരാജ്ഞിയേ വാഴ്ക… എന്ന ഗീതം ആലപിച്ചു.