എളിമയുടെ വഴിയാണ് ശരിയായ വഴി

നോമ്പാചരണം പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് ദൈവവുമായുള്ള അനുരഞ്ജനം വഴി സ്വന്തമാകുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പുറപ്പാടാണ് നോമ്പുകാലം. നാം നോമ്പാചരിക്കുന്ന ഈ നാല്പതു ദിവസം മരുഭൂമിയിലൂടെയുള്ള ഇസ്രായേല്‍ ജനത്തിന്റെ സ്വന്തനാട്ടിലേക്കുള്ള യാത്രയുടെ അനുസ്മരണമാണ്. എങ്കിലും ഈജിപ്തു വിട്ടു പോകാന്‍ എന്തൊരു പ്രയാസമാണ്!’ പാപ്പാ പറഞ്ഞു.

മരുഭൂമിയിലൂടെ അലഞ്ഞു നടന്ന 40 വര്‍ഷങ്ങളില്‍ ഇസ്രായേല്‍ക്കാര്‍ക്ക് പലതരം പ്രലോഭനങ്ങള്‍ നേരിടേണ്ടി വന്നു. നമുക്കും അതു പോലെ പ്രലോഭനങ്ങള്‍ നേരിടേണ്ടി വരുന്നു. അനാരോഗ്യകരമായ നമ്മുടെ ബന്ധങ്ങള്‍ ദൈവത്തിലേക്കുള്ള നമ്മുടെ മടക്കയാത്രയ്ക്ക് തടസ്സം നില്‍ക്കുന്നു. പാപത്തിന്റെ കുരുക്കുകളും, ധനവും മറ്റും നല്‍കുന്ന തെറ്റായ സുരക്ഷിതത്വവും എല്ലാം നമ്മുടെ യാത്രയ്ക്ക് തടസ്സമാകുന്നു, പാപ്പാ വിശദീകരിച്ചു.

‘അനുരഞ്ജനപ്പെടുക. ഈ യാത്ര നമ്മുടെ ശക്തിയില്‍ ആശ്രയിച്ചുള്ളതല്ല. പ്രവര്‍ത്തികളിലും അനുശീലനങ്ങളിലും പ്രകടമാകുന്ന ഹൃദയപൂര്‍വകമായ മാനസാന്തരം സാധ്യമാകണമെങ്കില്‍ ദൈവത്തിന് നമ്മില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണം. തിരികെ ദൈവത്തിലേക്കു നടക്കാന്‍ നമുക്ക് ശക്തി നല്‍കുന്നത് നമ്മുടെ കഴിവല്ല, ദൈവത്തിന്റെ കൃപയാണ്’ പാപ്പാ വ്യക്തമാക്കി. ദൈവത്തിനു വേണ്ടിയും അവിടുത്തെ കരുണയ്ക്കു വേണ്ടിയുമുള്ള നമ്മുടെ ആവശ്യം അംഗീകരിക്കുമ്പോളാണ് നാം ദൈവത്തിലേക്ക് മടങ്ങാന്‍ സജ്ജരാകുന്നത്. എളിമയുടെ വഴിയാണ് ശരിയായ വഴി’ പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.