സൗത്ത് സുഡാനില്‍ സന്യാസിനികളുടെ കൊലപാതകം: ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ

സൗത്ത്‌ സുഡാനിലെ തിരുഹൃദയ സന്യാസിനീ സഭയിലെ അംഗങ്ങളായ രണ്ടുപേരുടെ കൊലപാതകത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഗാതമായ ദുഃഖം രേഖപ്പെടുത്തി. ഒരു കൂട്ടം സന്യസ്തര്‍ക്കു നേരെ ഇക്കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ക്രൂരമായ ആക്രമണത്തിലാണ് സി. മേരി അബുദ്, സി. റെജീനാ റോബ എന്നിവര്‍ കൊല്ലപ്പെട്ടത്.

സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിന്‍ വഴിയായി അയച്ച ടെലഗ്രാം സന്ദേശത്തില്‍, സന്യസ്തരുടെ മരണത്തില്‍ പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ പങ്കാളിയാവുന്നതായി അറിയിക്കുകയും അവര്‍ക്ക് പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു.

“പ്രദേശത്ത് സമാധാനവും ഐക്യവും സുരക്ഷയും ഉണ്ടാകുന്നതിന് ഇവരുടെ ജീവത്യാഗമെങ്കിലും കാരണമാകട്ടെ. ഈ സന്യസ്തരുടെ നിത്യരക്ഷയ്ക്കും അവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരുടെ ആശ്വാസത്തിനുമായി പ്രാര്‍ത്ഥനകള്‍ നേരുന്നു” – പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.

ലോവ ഇടവക സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികവും ദൈവാലയത്തെ സ്വര്‍ഗാരോപിത മാതാവിന് സമര്‍പ്പിക്കുന്ന ചടങ്ങും കഴിഞ്ഞ് ബസില്‍ മടങ്ങിയ സന്യസ്തരും വിശ്വാസികളും ഉള്‍പ്പെട്ട സംഘത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. രണ്ട് സന്യസ്തര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.