വേനല്‍ക്കാല ഇടവേളക്കു ശേഷം ഫ്രാന്‍സിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചകള്‍ ആഗസ്റ്റ് നാല് മുതല്‍ പുനരാരംഭിക്കും

വേനല്‍ക്കാല ഇടവേളക്കു ശേഷം ഫ്രാന്‍സിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചകള്‍ ആഗസ്റ്റ് നാല് മുതല്‍ പുനരാരംഭിക്കും. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വച്ചായിരിക്കും പൊതുകൂടിക്കാഴ്ചകള്‍ നടത്തപ്പെടുക.

ബുധനാഴ്ചകളില്‍ പതിവായ പൊതുകൂടിക്കാഴ്ചയ്ക്കായി ആഗസ്റ്റ് 4 ആം തീയതി പ്രാദേശിക സമയം രാവിലെ 9.15 -ന് പാപ്പാ സന്നിഹിതനാവും. ബുധനാഴ്ചകളിലെ കൂടിക്കാഴ്ചകള്‍ക്ക് നല്‍കിയ ഇടവേള പാപ്പായ്ക്ക് വിശ്രമം നല്‍കുന്നതിനായിരുന്നു. ഈ വര്‍ഷം ആ ഇടവേളയിലാണ് ഫ്രാന്‍സിസ് പാപ്പാ വന്‍കുടലിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ആശുപത്രിയില്‍ നിന്ന് നടത്തിയ മദ്ധ്യാഹ്നപ്രാര്‍ത്ഥന ഒഴിച്ചാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് കൃത്യം ഒരു മാസത്തിനു ശേഷം പാപ്പാ തന്റെ പതിവ് പരിപാടികള്‍ പുനരാരംഭിക്കുകയാണ്.

ജൂണ്‍ 30 -ന് സാന്‍ ഡമാസ്സോയുടെ മുറ്റത്ത് നടത്തിയ ഒടുവിലത്തെ പൊതുകൂടികാഴ്ചയില്‍ അതിനു മുന്നിലെ ആഴ്ച ആരംഭിച്ച വി. പൗലോസ് ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനത്തെക്കുറിച്ചുള്ള വേദപാഠങ്ങള്‍ തുടര്‍ന്നിരുന്നു. ഓരോ മനുഷ്യര്‍ക്കുമായി കര്‍ത്താവ് ഒരുക്കിയ രക്ഷാകര പദ്ധതിയും അവന്റെ കൃപ ഹൃദയങ്ങളെയും ജീവിതങ്ങളേയും പരിവര്‍ത്തനപ്പെടുത്തി നമ്മെ പുത്തന്‍ വഴികള്‍ കാണിച്ചുതരുന്നതിനെക്കുറിച്ചാണ് അന്ന് പരിശുദ്ധ പിതാവ് സംസാരിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.