ആമസോൺ മഴക്കാടുകളിലെ അഗ്നിബാധ: പ്രാർത്ഥന ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ

ആമസോൺ മഴക്കാടുകൾ കത്തിനശിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. നമ്മുടെ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ആമസോൺ മഴക്കാടുകളിലെ തീ എത്രയും വേഗം അണയ്‌ക്കേണ്ടത് ആവശ്യമാണ്. ഇതിനായി വിശ്വാസികൾ പ്രാർത്ഥിക്കണമെന്നു ത്രികാലജപത്തിനുശേഷം നൽകിയ സന്ദേശത്തിൽ പാപ്പാ ആവശ്യപ്പെട്ടു.

മഴക്കാടുകൾ കത്തിനശിക്കുന്നതിൽ ഫ്രാൻസിലെ ‘ജി7’ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളും ഏറെ ആശങ്ക പ്രകടിപ്പിച്ചു. അഗ്‌നിശമന പ്രവർത്തനങ്ങൾക്കായി ബ്രസീൽ ഭരണകൂടം സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ആറു സംസ്ഥാനങ്ങളിലായി 44,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ‘ജി7’ലെ വിമർശനത്തെത്തുടർന്നാണ് സൈന്യത്തെ അയയ്ക്കാൻ ബ്രസീൽ പ്രസിഡന്റ് ബോൽസൊനാരോ തയാറായത്.

ആമസോൺ മഴക്കാടുകളുടെ 60%വും ബ്രസീലിലാണ്. ലോകത്തെ ഓക്‌സിജൻറെ 20% ഉത്പാദിപ്പിക്കപ്പെടുന്നത് ആമസോണിലായതിനാലാണ് ഭൂമിയുടെ ശ്വാസകോശമെന്ന് ആമസോൺ മഴക്കാടിനെ വിശേഷിപ്പിക്കുന്നത്.