വി. ജോണ്‍പോള്‍ രണ്ടാമന്റെ വിഖ്യാത ചാക്രികലേഖനത്തിന്റെ രജതജൂബിലി: സഭൈക്യത്തിന് പാപ്പായുടെ ആഹ്വാനം

വി. ജോണ്‍പോള്‍ രണ്ടാമന്റെ വിഖ്യാത ചാക്രികലേഖനം, ‘അവര്‍ ഒന്നായിരിക്കുന്നതുപോലെ’ (Ut unum sint) യുടെ രജതജൂബിലി പ്രമാണിച്ച് സഭൈക്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ്, കര്‍ദ്ദിനാള്‍ കുര്‍ദ് കോച്ചിന് അയച്ച കത്തിലാണ് പാപ്പാ സഭൈക്യത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

‘ഈശോയുടെ സ്വര്‍ഗാരോഹണത്തിന്റെ മഹത്വവും സന്ദേശവും ഉള്‍ക്കൊള്ളുന്ന ലേഖനമാണ് ‘അവര്‍ ഒന്നായിരിക്കുന്നതുപോലെ.’ നാനാത്വത്തില്‍ ഏകത്വം സ്ഥാപിക്കാന്‍ പരിശുദ്ധാത്മാവിനു കഴിയും. സഭൈക്യം ഏറ്റം ആവശ്യമായിരിക്കുന്ന ഈ കാലഘട്ടത്തില്‍, പ്രസ്തുത ലേഖനത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ ക്രിസ്തുശിഷ്യന്മാരെപ്പോലെ പരിശുദ്ധാത്മാവിനോട് നമുക്കും പ്രാര്‍ത്ഥിക്കാം, ഐക്യത്തില്‍ വളരാനും പ്രവര്‍ത്തിക്കാനും സാധിക്കണമേ എന്ന്’ – പാപ്പാ കത്തില്‍ കുറിച്ചു.

ഇതുവരെയും പരസ്പരം ഐക്യത്തിലും സഹകരണത്തിലും സഭയ്ക്ക് കഴിഞ്ഞുപോകാന്‍ സാധിച്ചതിനെയോര്‍ത്ത് ദൈവത്തിന് നന്ദിയും സ്‌നേഹവും അര്‍പ്പിക്കുന്നതായും പാപ്പാ കൂട്ടിച്ചേര്‍ത്തു. ‘ഐക്യത്തിലും സ്‌നേഹത്തിലും സഭ ഏറെ ദൂരം പിന്നിട്ടു. എന്നാല്‍ ഇനിയും അനേകം പ്രതിസന്ധികള്‍ തരണം ചെയ്ത് വളരെയധികം മുന്നോട്ടുപോകേണ്ടതുമുണ്ട്. ഇക്കാരണത്താല്‍ പരിശുദ്ധാത്മാവിന്റെ ദാനമായ സഭൈക്യത്തെ പ്രാര്‍ത്ഥനയിലൂടെയും പരിശ്രമത്തിലൂടെയും നേടിയെടുക്കാന്‍ പരിശ്രമിക്കണം’ – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.