മരിയ മോന്തെസ്സോറിയുടെ സംഭാവന മഹത്തരമെന്ന് പാപ്പാ

ഉപരി സാഹോദര്യവും സമാധാവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് മരിയ തേക്ല അർത്തെമിസിയ മോന്തെസ്സോറി (Maria Tecla Artemisia Montessori) ഏകിയ സംഭാവനകൾ സുപ്രധാനങ്ങളാണെന്ന് മാർപ്പാപ്പാ. ഭിഷഗ്വരയും പ്രബോധനശാസ്ത്രജ്ഞയുമായിരുന്ന ഇറ്റലി സ്വദേശിനിയായ മരിയ മോന്തെസ്സോറിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട്, പ്രൊഫസർ ബെനദേത്തൊ സ്കോപ്പൊളയ്ക്ക് ശനിയാഴ്‌ച (23/10/21) അയച്ച സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

വിദ്യഭ്യാസ മേഖലയിലും സമൂഹം മുഴുവനിലും അഗാധ മുദ്ര പതിച്ച ഒരു വ്യക്തിയാണ് മരിയ മോന്തിസ്സോറിയെന്ന് അനുസ്മരിക്കുന്ന പാപ്പാ, അവരുടെ ജന്മവാർഷികാനുസ്മരണം സംഭാഷണത്തിനും സ്വാഗതം ചെയ്യുന്നതിനും തുറവുള്ള ഒരു ലോകത്തിലെ പൗരന്മാരെ, ഐക്യദാർഢ്യമുള്ള വ്യക്തികളെ വാർത്തെടുക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കട്ടെയെന്ന് ആശംസിക്കുന്നു.

1870 ആഗസ്റ്റ് 31-ന് ഇറ്റലിയിലെ ക്യരവാല്ലെയിൽ ജനിച്ച മരിയ മോന്തെസ്സോറി എൺപത്തിരണ്ടാമത്തെ വയസ്സിൽ 1952 മെയ് ആറിനാണ് മരണമടഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.