ലിത്വാനിയായുടെ പ്രധാനമന്ത്രി ഇംഗ്രിദ സിമൊണിറ്റേ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ലിത്വാനിയായുടെ പ്രധാനമന്ത്രി ഇംഗ്രിദ സിമൊണിറ്റേ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താവിതരണ കാര്യാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലിത്വാനിയായില്‍ ധാര്‍മ്മികമൂല്യങ്ങളുടെ പരിപോഷണത്തിലും മനുഷ്യവ്യക്തിയുടെയും കുടുംബത്തിന്റെയും ഔന്നത്യം സംരക്ഷിക്കുന്നതിലും ക്രിസ്തീയവിശ്വാസത്തിനും കത്തോലിക്കാ സഭയ്ക്കുമുള്ള പങ്ക് ഈ കൂടിക്കാഴ്ചാ വേളയില്‍ പ്രത്യേകം ചര്‍ച്ചയായി.

കോവിഡ് മഹാമാരി കൂടുതല്‍ രൂക്ഷമാക്കിയ പലതരം വെല്ലുവിളികളെ തരണം ചെയ്യുന്നതിന് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യവും പാപ്പായും പ്രധാനമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയില്‍ തെളിഞ്ഞുനിന്നു. ദേശീയ – അന്തര്‍ദ്ദേശീയ തലങ്ങളിലുള്ള സമാധാനം, സുരക്ഷ, ജീവകാരുണ്യപരമായ അടിയന്തര കാര്യങ്ങള്‍ പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ അവസ്ഥ എന്നിവയും ചര്‍ച്ചാവിഷയങ്ങളായി.

പാപ്പായുമായുള്ള സൗഹൃദസംഭാഷണാനന്തരം പ്രധാനമന്ത്രി സിമൊണിറ്റേ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്റെ വിദേശകാര്യ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെറുമൊരുമിച്ച് കൂടിക്കാഴ്ച നടത്തി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.