സാമൂഹ്യ നവീകരണം വിവരവിനിമയത്തില്‍ ഒതുങ്ങുന്നതല്ല: പാപ്പാ

നീതിക്കും പൊതുഭവനത്തിന്‍റെ സംരക്ഷണത്തിനുമായുള്ള യത്നം സന്തോഷത്തിന്‍റെയും സമ്പൂര്‍ണ്ണതയുടെയുമായൊരു വാഗ്ദാനവുമായി സമന്വയിച്ചിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ. അജോര്‍ണമെന്തി സോച്യാലി എന്ന മാസികയുടെ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഈ കാര്യം വെളിപ്പെടുത്തിയത്.

പരിവര്‍ത്തനവിധേയമായ ഒരു ലോകത്തില്‍ അനുവാചകര്‍ക്ക് ദിശാബോധമേകുക എന്ന മുദ്രാവാക്യം ഈ മാസിക സ്വീകരിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ, വഴികാട്ടുകയെന്നാല്‍ അതിനര്‍ത്ഥം നാം എവിടെയാണെന്നു മനസ്സിലാക്കുകയും, സംശോധക ബിന്ദുക്കള്‍ ഏവയെന്നു തിരിച്ചറിയുകയും ഏതു ദിശോന്മുഖമായി നീങ്ങണമെന്ന് നിര്‍ണ്ണയിക്കുകയും ചെയ്യലാണെന്ന് വിശദീകരിച്ചു.

മുന്നോട്ടു പോകാന്‍ ശ്രമിക്കുകയും പിന്നീട് സ്തംഭനാവസ്ഥയിലായിപ്പോകുകയും ചെയ്താല്‍ അത് പാഴ് വേലയാണ്. ആകയാല്‍ വിവേചനബുദ്ധിയും സംഘാതമായ മുന്നേറ്റവും സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ സന്തോഷവും ഈ പ്രക്രിയില്‍ അവിഭാജ്യഘടകങ്ങളാണെന്നു പാപ്പാ ഓർമിപ്പിച്ചു.

സമൂഹത്തിന്‍റെ പ്രയാണത്തില്‍ നമ്മള്‍ പരിശുദ്ധാരൂപിയുടെ സ്വരം ശ്രവിക്കുകയും മറ്റു സ്വരങ്ങളല്ല, ആ സ്വരം മാത്രം പിന്‍ചെല്ലുകയും അടയാളങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വിശ്വസിക്കാവുന്ന വിവരങ്ങള്‍ നല്കുന്നതില്‍ ഒതുങ്ങി നിൽക്കുന്നതല്ല സാമൂഹ്യ നവീകരണ ദൗത്യം. തീരുമാനങ്ങള്‍ എടുക്കാനും കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കാനും അനുവാചകരെ പഠിപ്പിക്കുകയെന്നതും അതിലുള്‍ക്കൊള്ളുന്നു. പാപ്പാ ചൂണ്ടിക്കാട്ടി.