വെനെസ്വേലയ്ക്ക് പാപ്പായുടെ സാന്ത്വന സന്ദേശം

Pope Francis

തെക്കെ അമേരിക്കന്‍ നാടായ വെനെസ്വേലയില്‍ കോവിഡ്-19 മഹാമാരിയും ശക്തന്മാരുടെ ഔദ്ധത്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ചാരെ താനുണ്ടെന്ന് മാര്‍പാപ്പാ ആവര്‍ത്തിച്ച് ഉറപ്പു നല്‍കി.

വെനെസ്വേലയിലെ മേരിദ അതിരൂപതയുടെ അദ്ധ്യക്ഷനും കരാക്കാസ് അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ കര്‍ദ്ദിനാള്‍ ബല്‍ത്തത്സാര്‍ എന്റീക് പോറസ് കര്‍ദോത്സൊയ്ക്ക് അദ്ദേഹത്തിന്റെ നാമഹേതുക തിരുന്നാള്‍ ദിനമായിരുന്ന ജനുവരി 6-ന് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ വെനെസ്വേലയിലെ ജനങ്ങള്‍ക്ക് സാന്ത്വനം പകരുന്നതും തന്റെ സാമീപ്യം ഉറപ്പു നല്‍കിയിരിക്കുന്നതും. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്നാട്ടിലുണ്ടായ കടുത്ത മാനവിക സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയെ ഇപ്പോള്‍ കോവിഡ്-19 മഹാമാരി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. സഹനത്തിലൂടെ കടന്നുപോകുന്ന വെനെസ്വേലയിലെ ജനങ്ങള്‍ക്ക് ദൈവം ശക്തിയും സകലവും തുറന്നുപറയാനുള്ള ആത്മാര്‍ത്ഥതയും പ്രദാനം ചെയ്യട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.

ലോകത്തെ മൂടിയിരിക്കുന്ന ഇരുളിനെ തോല്പിക്കുന്ന വെളിച്ചമായ ദൈവത്തിന്റെ ആവിഷ്‌ക്കാര ദിനത്തില്‍ പാപ്പാ കര്‍ദ്ദിനാള്‍ ബല്‍ത്തത്സാറിന് നാമഹേതുക തിരുന്നാള്‍ ആശംസകള്‍ നേരുകയും അദ്ദേഹത്തിന്റെ സഭാശുശ്രൂഷയ്ക്കും അദ്ദേഹത്തിനും വേണ്ടി ദൈവസഹായം പ്രാര്‍ത്ഥിക്കുകയും ചെയ്തു. പാപ്പായ്‌ക്കൊപ്പം വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും കര്‍ദ്ദിനാള്‍ ബല്‍ത്തത്സാറിന് ആശംസകള്‍ നേര്‍ന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.