അഖിലലോക തൊഴിലാളികള്‍ക്കായി മാര്‍പാപ്പ നടത്തിയ പ്രാര്‍ത്ഥന 

മഡഗാസ്‌ക്കര്‍ പര്യടനത്തിനിടെ മഹത്തത്സാനയിലെ പാറമട സന്ദര്‍ശിച്ച പാപ്പ തൊഴിലാളികള്‍ക്കായി നടത്തിയ പ്രാര്‍ത്ഥന ശ്രദ്ധേയമാവുന്നു. പ്രാര്‍ത്ഥന അഖിലലോക തൊഴിലാളികള്‍ക്കായി പാപ്പ സമര്‍പ്പിക്കുകയും ചെയ്തു. വെല്ലുവിളികളിലൂടെ കടന്നുപോകുന്ന തൊഴിലാളികളെ ശക്തീകരിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും സഹായകമായ 17 നിയോഗങ്ങളാണ് പാപ്പ പ്രാര്‍ത്ഥനയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. തൊഴില്‍ ദാതാക്കളെയും തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നവരെയും പാപ്പ പ്രത്യേകം അനുസ്മരിക്കുകയുണ്ടായി.

പാപ്പ നടത്തിയ പ്രാര്‍ത്ഥന ഇങ്ങനെ…

ഞങ്ങളുടെ പിതാവായ ദൈവമേ, സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവേ, ഇവിടെ സഹോദരങ്ങളെപ്പോലെ സമ്മേളിക്കാന്‍ ഇടയാക്കിയതിന് അങ്ങേക്ക് നന്ദി പറയുന്നു. മാനവ കരത്താല്‍ പിളര്‍ന്ന ഈ പാറയ്ക്കു മുന്നില്‍നിന്ന് ഞങ്ങള്‍ എല്ലായിടത്തെയും തൊഴിലാളികള്‍ക്കായി അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. സ്വന്തം കരങ്ങളാല്‍ പണിയെടുക്കുന്നവര്‍ക്കും ശാരീരികമായി അത്യധ്വാനം ചെയ്യുന്നവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

1. തങ്ങളുടെ മക്കളെ വാത്സല്യത്തോടെ തലോടാനും അവരോടൊപ്പം വിനോദത്തിലേര്‍പ്പെടാനും കഴിയുന്നതിന് അവരുടെ ശാരീരിക ക്ഷീണം അകറ്റണമെ.

2. അധ്വാനഭാരത്താല്‍ തളരാതിരിക്കാന്‍ അക്ഷയമായ ആധ്യാത്മിക ശക്തിയും ശാരീരികാരോഗ്യവും അവര്‍ക്ക് പ്രദാനം ചെയ്യണമെ.

3. അവരുടെ അധ്വാനഫലങ്ങള്‍ അവരുടെ കുടുംബത്തിന്റെ മാന്യമായ ജീവിതം ഉറപ്പുവരുത്താന്‍ പര്യാപ്തമാക്കിത്തീര്‍ക്കണമെ.

4. രാത്രിയില്‍ ഭവനത്തിലെത്തുന്ന അവര്‍ക്ക് സ്‌നേഹോഷ്മളതയും സമാശ്വാസവും പ്രചോദനവും ലഭിക്കുകയും അങ്ങനെ, അങ്ങയുടെ കടാക്ഷത്തിന്‍ കീഴില്‍ കുടുംബാംഗങ്ങള്‍ക്ക് ഒത്തൊരുമിച്ച് യഥാര്‍ത്ഥ ആനന്ദം അനുഭവിക്കാന്‍ കഴിയുകയും ചെയ്യട്ടെ.

5. അന്നന്നത്തേക്കുള്ള ആഹാരം സമ്പാദിക്കുന്നതിന്റെ ആനന്ദം പൂര്‍ണമാകുന്നത് ആ അപ്പം പങ്കുവെക്കപ്പെടുമ്പോഴാണെന്ന് ഞങ്ങളുടെ കുടുംബങ്ങള്‍ മനസിലാക്കട്ടെ.

6. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകാതിരിക്കട്ടെ, മറിച്ച് അവര്‍ക്ക് വിദ്യാലയത്തില്‍ പോകാനും പഠനം തുടരാനും കഴിയട്ടെ.

7. മാന്യമായ ജീവിതത്തിന് മറ്റൊരു തൊഴിലിന്റെ ആവശ്യം ഇല്ലാത്തവിധം, അധ്യാപകര്‍ അവരുടെ കടമ അര്‍പ്പണബോധത്തോടെ നിര്‍വഹിക്കട്ടെ.

8. നീതിയുടെ ദൈവമേ, തൊഴില്‍ദാതാക്കളുടെയും നടത്തിപ്പുകാരുടെയും ഹൃദയങ്ങളെ സ്പര്‍ശിക്കേണമെ.

9. ന്യായമായ വേതനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും തങ്ങളുടെ മാനവാന്തസിനെ മാനിക്കുന്ന അന്തരീക്ഷത്തില്‍ തൊഴിലാളികള്‍ക്ക് ജോലിചെയ്യാന്‍ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ അവര്‍ സാധ്യമായതെല്ലാം ചെയ്യട്ടെ.

10. പിതാവേ, തൊഴില്‍രഹിതരോട് കാരുണ്യം കാട്ടണമെ.

11. മഹാദുരിതഹേതുവായ തൊഴിലില്ലായ്മ ഞങ്ങളുടെ സമൂഹങ്ങളില്‍നിന്ന് അപ്രത്യക്ഷമാകട്ടെ.

12. അനുദിനാഹാരം സമ്പാദിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി അതു ഭവനത്തിലെത്തിക്കുകയും ചെയ്യുന്നതിന്റെ സന്തോഷവും ഔന്നത്യവും എല്ലാവര്‍ക്കും അനുഭവവേദ്യമാകട്ടെ.

13. അധികൃതമായ ഐക്യദാര്‍ഢ്യാരൂപി തൊഴിലാളികള്‍ക്കിടയില്‍ സംജാതമാക്കണമെ.

14. അവര്‍ പരസ്പരം കരുതലുള്ളവരായിരിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനും വീണുപോയവരെ കൈപിടിച്ചു ഉയര്‍ത്താനും പഠിക്കട്ടെ.

15. അവരുടെ ഹൃദയങ്ങള്‍ പകയ്ക്കും വിദ്വേഷത്തിനും അനീതിക്കും തിക്തതയ്ക്ക് അടിമപ്പെടാതിരിക്കട്ടെ.

16. മെച്ചപ്പെട്ടൊരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശ സജീവമായി നിലനിറുത്താനും അവസാനംവരെ പണിയെടുക്കാനും അവര്‍ക്കു കഴിയട്ടെ.

17. അവരൊത്തൊരുമിച്ച് സ്വന്തം അവകാശങ്ങളെ രചനാത്മകമായി സംരക്ഷിക്കട്ടെ. അവരുടെ സ്വരവും ആവശ്യങ്ങളും ശ്രവിക്കപ്പെടട്ടെ.

ഞങ്ങളുടെ പിതാവായ ദൈവമേ, അങ്ങ് വിശുദ്ധ യൗസേപ്പിനെ യേശുവിന്റെ വളര്‍ത്തുപിതാവും കന്യകാമറിയത്തിന്റെ ധീരഭര്‍ത്താവും ലോകമെങ്ങുമുള്ള തൊഴിലാളികളുടെ സംരക്ഷകനുമാക്കി. അക്കമസ്വായില്‍ അധ്വാനിക്കുന്നവരെയും മഡഗാസ്‌ക്കറിലുള്ള സകല തൊഴിലാളികളെയും വിശിഷ്യാ, സന്ദിഗ്ദ്ധാവസ്ഥയും ദുരിതങ്ങളും അനുഭവിക്കുന്നവരെയും ഞാന്‍ ആ വിശുദ്ധന് ഭരമേല്‍പ്പിക്കുന്നു.വിശുദ്ധ യൗസേപ്പ് അവരെ അങ്ങയുടെ പുത്രനോടുള്ള സ്‌നേഹത്തില്‍ നിലനിറുത്തുകയും അവരുടെ ഉപജീവനത്തിലും പ്രത്യാശയിലും അവരെ തുണയ്ക്കുകയും ചെയ്യട്ടെ. ആമ്മേന്‍

 

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ