3 ദിവസവും 9 മണിക്കൂറും 30 മിനിറ്റും ദീര്‍ഘിച്ച പാപ്പായുടെ അപ്പസ്‌തോലിക പര്യടനത്തിന് പരിസമാപ്തി

ഫ്രാന്‍സിസ് പാപ്പായുടെ മുപ്പത്തിനാലാം അപ്പസ്‌തോലിക പര്യടനത്തിന് തിരശ്ശീല വീണു. പാപ്പായുടെ ഹംഗറി, സ്ലൊവാക്യ എന്നീ നാടുകളിലെ ചതുര്‍ദിന ഇടയസന്ദര്‍ശനമാണ് ബുധനാഴ്ച സമാപിച്ചത്. പന്ത്രണ്ടാം തീയതി, ഞായറാഴ്ച (12/09/21) രാവിലെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വിമാനമിറങ്ങിയ പാപ്പാ, അന്നാട്ടിലെ തന്റെ ഇടയസന്ദര്‍ശനത്തിലെ മുഖ്യപരിപാടിയായിരുന്ന അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ സമാപന ദിവ്യപൂജാര്‍പ്പണാനന്തരം ഈ ചതുര്‍ദിന അജപാലന സന്ദര്‍ശനത്തിന്റെ രണ്ടാം പാദമായിരുന്ന സ്ലൊവാക്യയില്‍ എത്തി.

ഞായറാഴ്ച ഉച്ച മുതല്‍ ബുധനാഴ്ച ഉച്ച വരെ പാപ്പാ അന്നാട്ടില്‍ ചിലവഴിച്ചു. ബുധനാഴ്ച (15/09/21) ഉച്ച തിരിഞ്ഞ് അദ്ദേഹം റോമിലേക്ക് വിമാനം കയറി. ഇടയസന്ദര്‍ശനത്തിനായി പാപ്പാ വ്യോമ-കരമാര്‍ഗ്ഗങ്ങളിലായി ആകെ 2,772 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. 13 പ്രഭാഷണങ്ങള്‍ നടത്തി. ഈ ഇടയസന്ദര്‍ശനം 3 ദിവസവും 9 മണിക്കൂറും 30 മിനിറ്റും ദീര്‍ഘിച്ചു.

സ്ലൊവാക്യയിലെ ഇടയസന്ദര്‍ശനത്തിന്റെ സമാപനദിനമായിരുന്ന ബുധനാഴ്ച (15/09/21) രാവിലെ പാപ്പാ അപ്പസ്‌തോലിക് നണ്‍ഷിയേച്ചറിലെ എല്ലാവരോടും വിട പറഞ്ഞു. അവിടെ നിന്ന് 71 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഷഷ്ടീന്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായിരുന്നു അടുത്ത ലക്ഷ്യം. കന്യകാമറിയത്തിന്റെ സപ്തസന്താപങ്ങളുടെ ബസിലിക്കയെന്നും ഷഷ്ടീനിലെ ദേശിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം അറിയപ്പെടുന്നു. സപ്തസന്താപങ്ങളുടെ നാഥ സ്ലൊവാക്യയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയാണ്.

ഈ ബസിലിക്കയില്‍ വച്ച് പാപ്പാ സ്ലൊവാക്യയിലെ മെത്രാന്മാരുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. മെത്രാന്മാരുടെ കൂട്ടായ്മയെ പാപ്പാ ഏഴു വ്യാകുലതകളുടെ നാഥയ്ക്ക് സമര്‍പ്പിക്കുകയും അവളുടെ പുത്രനായ ഈശോ പഠിപ്പിച്ച വാക്കുകളോട് അനുദിനം വിശ്വസ്തരായി നിലകൊള്ളുന്നതിനുള്ള അനുഗ്രഹം അപേക്ഷിക്കുകയും ചെയ്തു.

ഈ പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ ഈ ബസിലിക്കയുടെ അടുത്തുള്ള വിശാലമായ മൈതാനയില്‍ വിശുദ്ധ കുര്‍ബാനക്കായി സമ്മേളിച്ചിരുന്ന വിശ്വാസികളെ പേപ്പല്‍ വാഹനത്തില്‍ വലം വച്ച് അഭിവാദ്യം ചെയ്തു. അതിനുശേഷം വ്യകുലനാഥയുടെ തിരുനാൾ കുര്‍ബാനക്ക് പൂജാവസ്ത്രങ്ങളണിയുന്നതിന് സങ്കീര്‍ത്തിയിലേക്കു പോയി. പ്രവേശനഗാനം ആരംഭിച്ചപ്പോള്‍ പാപ്പാ പ്രദക്ഷിണമായി ബലിവേദിയിലെത്തുകയും വിശുദ്ധ കുര്‍ബാന ആരംഭിക്കുകയും ചെയ്തു.

ദിവ്യബലിയുടെ അവസാനം പാപ്പാ, താന്‍ അന്നാടിനോട് വിട പറയാനുള്ള സമയം സമാഗതമായി എന്ന് അനുസ്മരിക്കുകയും തനിക്ക് ഈ സന്ദര്‍ശനാനുഗ്രഹം ചൊരിഞ്ഞ ദൈവത്തിന് നന്ദി പറയുകയും ചെയ്തു. ഈ ഇടയസന്ദര്‍ശനത്തിനു വേണ്ട ഒരുക്കങ്ങള്‍ ചെയ്ത മെത്രാന്മാര്‍ക്കും രാഷ്ട്രപതിക്കും പൗരാധികാരികള്‍ക്കും പലവിധത്തില്‍ തങ്ങളുടെ സഹകരണം ഉറപ്പാക്കിയ എല്ലാവര്‍ക്കും സ്ലൊവാക്യയിലെ സഭകളുടെ സമിതിക്കും അതില്‍ നിരീക്ഷകസ്ഥാനം വഹിക്കുന്നവര്‍ക്കും തന്റെ കൃതജ്ഞത അര്‍പ്പിക്കാനും പാപ്പാ മറന്നില്ല.

ഷഷ്ടീനിലെ ദിവ്യബലിക്കു ശേഷം പാപ്പാ നേരെ പോയത് ബ്രാത്തിസ്ലാവയിലെ വിമാനത്താവളത്തിലേക്കാണ്. അവിടെ പാപ്പായെ സ്വീകരിച്ച് യാത്രയാക്കാന്‍ സ്ലൊവാക്യയുടെ പ്രസിഡന്റ് ശ്രീമതി സുസാന്ന ചപ്പുത്തൊവാ ഉണ്ടായിരുന്നു. ഇരുവരും അല്പസമയം സ്വകാര്യസംഭാഷണത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് സൈനികോപചാരം സ്വീകരിച്ച പാപ്പാ എല്ലാവരോടും വിട ചൊല്ലി.

അല്‍ ഇത്താലിയായുടെ വ്യോമയാനം എയര്‍ബസ് എ320 പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് റോമിലെ ചംപീനൊ വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്നു. അപ്പോള്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 1.45, ഇന്ത്യൻ സമയം ബുധനാഴ്ച വൈകുന്നേരം 5.15 ആയിരുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.