പരിശുദ്ധാത്മാവിനായി ഹൃദയങ്ങള്‍ തുറക്കാം: പാപ്പാ

പരിശുദ്ധാത്മാവിനെ സ്വീകരിക്കാനായി നമുക്ക് ഹൃദയങ്ങള്‍ തുറക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെന്തക്കുസ്താ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വച്ച് അര്‍പ്പിച്ച വിശുദ്ധ ബലി മദ്ധ്യേയാണ് പാപ്പാ ഇക്കാര്യം വിശ്വാസികളോട് പറഞ്ഞത്. ഏറ്റവും വിലപ്പെട്ട സമ്മാനം, സമ്മാനങ്ങളിലെ സമ്മാനം, ദൈവത്തിന്റെ സ്‌നേഹം മുഴുവനുമായ പരിശുദ്ധാത്മാവിനെയാണ് ഈശോ തന്റെ ശിഷ്യന്മാര്‍ക്കായി വാഗ്ദാനം ചെയ്തതെന്ന കാര്യവും പാപ്പാ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

നമുക്കായി ഈശോ നല്‍കിയ ആശ്വാസദായകനും ന്യായാധിപനുമാണ് പരിശുദ്ധാത്മാവെന്നും വിഷമഘട്ടങ്ങളില്‍ ആശ്വാസമായും വേദനകളെ കുറയ്ക്കുന്നവനായും സുഖപ്പെടുത്തുന്നവനായും പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ നമ്മില്‍ ഉളവാക്കാനും ഹൃദയങ്ങളില്‍ സമാധാനം നിറയ്ക്കാനും സംരക്ഷകനും രക്ഷിതാവുമായി പ്രവര്‍ത്തിക്കാനും പരിശുദ്ധാത്മാവിന് കഴിയുന്നുവെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

ഇക്കാരണങ്ങളാല്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ നമ്മുടെ ഹൃദയങ്ങളെ തുറക്കാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. “അന്ധകാരം അകറ്റാനും വേദനകളും ഒറ്റപ്പെടലുകളും ഇല്ലാതാക്കാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. ശ്ലീഹന്മാരുടെ അനുഭവങ്ങള്‍ ഇക്കാര്യത്തില്‍ നമുക്ക് പ്രത്യാശ പകരും. എല്ലാ കുറവുകളേയും മികവുകളാക്കാന്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചതിനുശേഷം അവര്‍ക്ക് കഴിഞ്ഞു. പിന്നീട് ഭയം എന്നത് അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടേയില്ല” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

ശ്ലീഹന്മാരെപ്പോലെ പരിശുദ്ധാത്മാവിനാല്‍ നവീകരിക്കപ്പെടാനാണ് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും തുറന്ന ഹൃദയത്തോടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചതിനുശേഷം ക്രിസ്തുശിഷ്യരെപ്പോലെ സന്തോഷത്തോടെ സുവിശേഷം പ്രഘോഷിക്കാനും ദൈവസ്‌നേഹം ലോകാതിര്‍ത്തികളില്‍ എത്തിക്കാനും സഹോദരങ്ങള്‍ക്ക് കരുണ പകര്‍ന്നു നല്‍കാനും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.