ഗ്വാഡലൂപ്പയിലെ കന്യകയോട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2002 ല്‍ ഗ്വാഡലൂപ്പ സന്ദര്‍ശിക്കവേ, അമ്മയുടെ സവിധത്തില്‍ അര്‍പ്പിച്ച പ്രാര്‍ത്ഥന വളരെ അര്‍ത്ഥവത്തും ഏറ്റു ചൊല്ലുന്നവര്‍ക്ക് ആശ്വാസം പകരുന്നതുമാണ്. അതിപ്രകാരമാണ്…

‘ഗ്വാഡലൂപ്പേയിലെ കന്യകേ, സകല ദൈവമക്കള്‍ക്കും വിശുദ്ധിക്കായുളള ദാഹം ഉണ്ടാകാനും തീക്ഷ്ണതയുളള, ദൈവിക രഹസ്യങ്ങളുടെ തീക്ഷ്ണപരികര്‍മികളായ പുരോഹിതരും സന്യസ്തരുമാകാനുളള ദൈവവിളികള്‍ ഉണ്ടാകാനും അമ്മേ അങ്ങ് ദൈവത്തോട് മധ്യസ്ഥം യാചിക്കണേ. ദൈവപുത്രന്റെ ജീവന്‍ അങ്ങേ തിരുവുദരത്തില്‍ ഉരുവായ നിമിഷത്തിലെ അങ്ങയുടെ അത്ര സ്‌നേഹത്താല്‍, ജീവനെ അതിന്റെ തുടക്കംമുതലേ സ്‌നേഹിക്കാനും ആദരിക്കാനുമുളള കൃപ ഞങ്ങളുടെ എല്ലാ ഭവനങ്ങളിലും നല്‍കണേ.

പരിശുദ്ധ കന്യകാമറിയമെ, നല്ല സ്‌നേഹത്തിന്റെ മാതാവേ; എല്ലാ കുടുംബങ്ങളും സ്‌നേഹത്തില്‍ ബന്ധിതമാകാന്‍ തക്കവിധം അവയെ സംരക്ഷിക്കണേ, കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ അനുഗ്രഹിക്കണേ. അവിടുത്തെ തിരുക്കുമാരന്‍ കൃപയുടെ അടയാളങ്ങളായി ഭൂമിയിലവശേഷിപ്പിച്ച വിശുദ്ധ കൂദാശകളോടുളള വലിയ സ്‌നേഹം ഞങ്ങള്‍ക്ക് തരണമെന്ന് ഞങ്ങള്‍ യാചിക്കുന്നു. ഏറ്റവും പരിശുദ്ധ മാതാവേ, മനഃസാക്ഷിയില്‍ നന്മ നിറച്ചും തിന്മയില്‍നിന്ന് ഞങ്ങളുടെ ഹൃദയങ്ങളെ അകറ്റിയും നിന്റെ മകനായ യേശുക്രിസ്തു നല്‍കുന്ന യഥാര്‍ത്ഥ സ്‌നേഹവും സമാധാനവും എല്ലാവര്‍ക്കും നല്‍കാന്‍ ഞങ്ങള്‍ക്കിടയാകട്ടെയെന്ന് പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടെ ജീവിച്ച് വാഴുന്ന യേശുക്രിസ്തുവഴി ഞങ്ങള്‍ അപേക്ഷിക്കുന്നു’. ആമ്മേന്‍.