പരദൂഷണത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പറയുന്നത്

എന്താണ് പരദൂഷണം? ഇംഗ്ലിഷില്‍ ‘ഗോസിപ്’ (Gossip) എന്നു പറയും. അപരനെ കൊല്ലാന്‍ കെല്പുള്ള, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘കരക്കമ്പി’യാണ് പരദൂഷണം. അപവാദത്തിലൂടെ അപരന്റെ സല്‍പ്പേരിനെയാണ് നാം കൊല്ലുന്നത്. അത്ര ക്രൂരമാണ് പരദൂഷണവും കിംവദന്തികളും. പരദൂഷണം ആദ്യം കേള്‍ക്കുമ്പോള്‍ കുഴപ്പമില്ലാത്തതും ചിലപ്പോള്‍ ചെറിയ മധുരം കഴിക്കുന്നതുപോലെ രസകരവുമായി തോന്നാം. എന്നാല്‍, പരദൂഷണം നിറഞ്ഞ സംഭാഷണത്തിന്റെ അന്ത്യത്തില്‍, അവ കേട്ട വ്യക്തിയുടെ മനസ്സിലും ചിന്തയിലും വിഷം കലരുന്നു. നമ്മുടെ വാക്കുകളും പ്രവൃത്തികളും വിഷമയമായി തീരുന്നു. മനസ്സില്‍ അപരനോടുള്ള വിദ്വേഷം നിറയുന്നു, വിദ്വേഷം വളരുന്നു.

സാന്താ മാര്‍ത്തയിലെ പ്രഭാതബലിയില്‍ ഒരിക്കല്‍ പാപ്പാ ഫ്രാന്‍സിസ് പറഞ്ഞത്, “പരദൂഷണം ഇല്ലാതാക്കാന്‍ സാധിച്ചാല്‍ ജീവിതങ്ങള്‍ വിശുദ്ധിയുള്ളതായിത്തീരും” എന്നാണ്. പരദൂഷണം കൂടപ്പിറപ്പായി സൂക്ഷിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് വ്യക്തികളെയും സമൂഹങ്ങളെയും നശിപ്പിക്കുവാനും പ്രസ്ഥാനങ്ങളെ തളര്‍ത്തുവാനും സാധിക്കുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.