മതാന്തര സംവാദം പൊതുമൂല്യാവബോധം വളര്‍ത്തും: പാപ്പാ

മതാന്തര സംവാദവും സാംസ്‌ക്കാരികാന്തര സംഭാഷണവും പരിപോഷിപ്പിക്കുകയെന്നത് ഇന്ന് നമ്മുടെ പ്രാര്‍ത്ഥനയും വര്‍ഷത്തിലെ എല്ലാ ദിവസത്തെയും പ്രതിബദ്ധതയും ആയിരിക്കട്ടെ എന്ന് പാപ്പാ. മതാന്തര സംവാദവും സാംസ്‌ക്കാരികാന്തര സംഭാഷണവും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മാനവസാഹോദര്യ ദിനാചരണത്തില്‍ ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ പങ്കുചേരുന്നതില്‍ മാര്‍പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തി.

2019 ഫെബ്രുവരി 4-ന് അബുദാബിയില്‍ വച്ച് താനും അല്‍ അഷറിലെ വലിയ ഇമാം അഹമ്മദ് അല്‍ തയ്യിബും ‘വിശ്വശാന്തിക്കും പൊതുവായ സഹജീവനത്തിനും വേണ്ടിയുള്ള മാനവ സാഹോദര്യ രേഖ’ ഒപ്പുവച്ചതുമായി ഈ ദിനാചരണത്തിനുള്ള ബന്ധവും പാപ്പാ എടുത്തുകാട്ടി. മാനവസാഹോദര്യ ദിനാചരണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം, മാനവരാശി അഖിലം പങ്കുപറ്റുന്ന പൊതുവായ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധവും ധാരണയും മെച്ചപ്പെടുത്താന്‍ എല്ലാ മതവിഭാഗങ്ങളും തമ്മിലുള്ള സംഭാഷണം സംഭാവന ചെയ്യുമെന്ന് അംഗീകരിക്കുന്നുണ്ടെന്ന് പാപ്പാ പറയുന്നു.

മതാന്തര സംവാദവും സാംസ്‌ക്കാരികാന്തര സംഭാഷണവും പരിപോഷിപ്പിക്കുകയെന്നത് ഇന്ന് നമ്മുടെ പ്രാര്‍ത്ഥനയും വര്‍ഷത്തിലെ എല്ലാ ദിവസത്തെയും പ്രതിബദ്ധതയും ആയിരിക്കട്ടെ എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. 2020 ഡിസംബര്‍ 21-ന്, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ എഴുപത്തിയഞ്ചാം യോഗമാണ് അന്താരാഷ്ട്ര മാനവസാഹോദര്യ ദിനപ്രഖ്യാപനം നടത്തിയത്.

മതാന്തര-സാംസ്‌കാരികാന്തര സംഭാഷണങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് എല്ലാവരും അവനവന്റെ സാഹചര്യമനുസരിച്ച് ഈ ദിനം ആചരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ശുപാര്‍ശ ചെയ്യുന്നു. ക്രൈസ്തവരും മുസ്ലീങ്ങളും തമ്മില്‍ മാത്രമല്ല, ലോകത്തിലെ വിഭിന്നങ്ങളായ ഇതര മതങ്ങളും തമ്മിലും സമാധാനത്തിന്റെ പേരിലുള്ള ബന്ധങ്ങളുടെ കാര്യത്തില്‍ ഒരു നാഴികക്കല്ലാണ് ഫ്രാന്‍സിസ് പാപ്പായും വലിയ ഇമാം അഹമ്മദ് അല്‍ തയ്യിബും 2019 ഫെബ്രുവരി 4-ന് അബുദാബിയില്‍ ഒപ്പുവച്ച മാനവസാഹോദര്യ രേഖ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.