തെക്കേ ഇറ്റലിയിലെ കത്തോലിക്കാ ധര്‍മ്മസ്ഥാപനത്തിന് സഹായം വാഗ്ദാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

തെക്കേ ഇറ്റലിയിലെ ഫോഗിയ പ്രൊവിന്‍സിലെ സാന്‍ സെവേരോയുടെ ഭാഗമായ ‘എംപോറിയ ഡെല്ലാ സോളഡാരിയെറ്റാ’ എന്ന കത്തോലിക്കാ ചാരിറ്റി സംഘടനയ്ക്ക് പാപ്പാ സഹായം വാഗ്ദാനം ചെയ്തതായി പരിശുദ്ധ പിതാവിന്റെ ദാനകര്‍ത്താവ് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്‌സ്‌ക്കി അറിയിച്ചു. മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി വാതിലുകള്‍ തുറന്നു കൊടുക്കുന്ന സംഘടനയാണ് ‘എംപോറിയ ഡെല്ലാ സോളഡാരിയെറ്റാ.’

ഐക്യവും സഹാനുഭൂതിയും വളര്‍ത്തുക, പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. മഹാമാരി മൂലം ദുരിതത്തിലായിരിക്കുന്ന കുടുംബങ്ങള്‍ക്കാണ് അവര്‍ പ്രധാനമായും സഹായം വാഗ്ദാനം ചെയ്യുക. സാമ്പത്തികവും സാമൂഹികവുമായ തകര്‍ച്ചകള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ നിരവധി കുടുംബങ്ങള്‍ ഇവരുടെ സഹായം തേടിയെത്തുന്നുമുണ്ട്. പ്രധാനമായും ആഹാരം, വീട്ടുസാധനങ്ങള്‍ തുടങ്ങിയവ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്നതുപോലെ ക്രമീകരിച്ച് ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി അവ ലഭ്യമാക്കുന്ന തരത്തിലുള്ള സേവനമാണ് നിലവില്‍ സംഘടന നല്‍കിക്കൊണ്ടിരിക്കുന്നത്.

സംഘടനയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്‌സ്‌ക്കി, പാപ്പായുടെ ആശംസകളും അഭിനന്ദനങ്ങളും അവരെ അറിയിച്ചതും പിന്തുണ വാഗ്ദാനം ചെയ്തതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.