യുവ ഇറ്റാലിയന്‍ വൈദികന്‍ ഫാ. ലൂയി മരിയയെ വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ പാപ്പാ നിയമിച്ചു

ഇറ്റാലിയന്‍ യുവ വൈദികനും തത്വചിന്തകനുമായ ഫാ. ലൂയി മരിയ എപ്പിക്കോക്കോയെ വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ സഭാസംബന്ധിയായ കാര്യങ്ങളുടെ അസിസ്റ്റന്റായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു.

റേഡിയോ, ടെലിവിഷന്‍ ചാനലുകളില്‍ സ്ഥിരം അതിഥിയായി എത്തുന്ന നാല്‍പതുകാരനായ ഫാ. ലൂയി, ഇരുപതിലധികം പുസ്തകങ്ങളുടെ രചയിതാവുമാണ്. ഇറ്റലിയിലെ സുപ്രധാന സമ്മേളനങ്ങളിലേയും ധ്യാനവേദികളിലേയും പ്രധാന പ്രാസംഗികനുമാണ് അദ്ദേഹം. വത്തിക്കാന്‍ ദിനപത്രമായ എല്‍സേര്‍വതൂര്‍ റോമാനോയുടെ ഭാഗമായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്. 2019-ലെ ക്രിസ്തുമസ് കാലത്ത് റോമന്‍ കൂരിയയിലെ അംഗങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ സമ്മാനമായി നല്‍കിയതും ഫാ. ലൂയിയുടെ പുസ്തകങ്ങളിലൊന്നാണ്.

2015-ലാണ് ഫ്രാന്‍സിസ് പാപ്പാ സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് സ്ഥാപിക്കുകയും അതിന്റെ തലവനായി മോണ്‍. ഡാരിയിയോ വീഗാനോയെ നിയമിക്കുകയും ചെയ്തത്. വത്തിക്കാന്റെ ആശയവിനിമയത്തിനായി ഡിജിറ്റല്‍ ലോകത്തില്‍ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.

വത്തിക്കാന്‍ റേഡിയോ, എല്‍സേര്‍വതൂര്‍ റോമാനോ, വത്തിക്കാന്‍ ടെലിവിഷന്‍ സെന്റര്‍, ഹോളി സീ പ്രസ്സ് ഓഫീസ്, പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ്, വത്തിക്കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ്, വത്തിക്കാന്‍ ടൈപ്പോഗ്രാഫിക്സ് ഓഫീസ്, വത്തിക്കാനിലെ ഫോട്ടോഗ്രഫി സേവനം തുടങ്ങി വത്തിക്കാന്റെ എല്ലാ വാര്‍ത്താവിനിമയ ഓഫീസുകളും പിന്നീട് സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷന്‍സിന്റെ കീഴിലാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.