ക്രിസ്തുമസ് കാലത്ത് മറിയം നല്‍കുന്ന പാഠങ്ങളെക്കുറിച്ച് മാര്‍പാപ്പ

ഇനി നമ്മുടെ ജീവിതത്തിലേയ്ക്ക് നോക്കിയാലോ എത്രയോ നീട്ടിവയ്ക്കലുകളും ഒഴിവുകഴിവുകളുമാണ് – അത് ആത്മീയജീവിതത്തില്‍ പോലും! ഉദാഹരണത്തിന്, പ്രാര്‍ത്ഥന എനിക്ക് ആവശ്യമാണെന്ന് അറിയാമെങ്കിലും പലപ്പോഴും നാം അത് മാറ്റിവയ്ക്കുന്നു. അതിനു സമയമില്ല. നാളെ നാളെ എന്നുപറഞ്ഞ് നാം മാറ്റിവയ്ക്കുന്നു. അതുപോലെ മറ്റൊരാളെ സഹായിക്കുന്നതു നല്ലതാണ്. എങ്കിലും അതിലും മടി കാണിക്കുന്നു.

നാളെകളുടെ നീണ്ട ചങ്ങലയാണ് ജീവിതത്തിലെന്നും. ഈ നാളില്‍ ക്രിസ്തുമസിന്റെ ഉമ്മറപ്പടിയില്‍ നിന്നും മറിയം നമ്മെ ക്ഷണിക്കുന്നത് നീട്ടിവയ്ക്കലുകല്‍ക്കല്ല, സമ്മതം നല്‍കലുകള്‍ക്കാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഞാന്‍ പ്രാര്‍ത്ഥിക്കണമോ അതോ മറ്റുള്ളവരെ സഹായിക്കണോ? അതെ, വേണം. ഉടനെ വേണം. എല്ലാ സമ്മതങ്ങളും ത്യാഗം ആവശ്യപ്പെടുന്നു. അതെ, മറിയത്തിന്റെ സമ്മതം ധീരമായതും കലവറയില്ലാത്തതുമാണ്. നമുക്ക്  രക്ഷ നേടിത്തന്നത് ഈ ത്യാഗപൂര്‍ണ്ണമായ സമ്മതവും സമര്‍പ്പണവുമാണ് – പാപ്പാ പറഞ്ഞു.

സാഹോദര്യത്തിനും ഐക്യദാര്‍ഢ്യത്തിനുമുള്ള വെല്ലുവിളി

ഇന്ന് നമുക്കു നല്‍കാവുന്ന സമ്മതം എന്താണ്? ക്ലേശപൂര്‍ണ്ണമായ ഈ സമയത്ത് ഒരു മഹാമാരി എങ്ങനെ നമ്മുടെ ജീവിതങ്ങളെ തടസ്സപ്പെടുത്തുന്നു അല്ലെങ്കില്‍ വ്യഗ്രതപ്പെടുത്തുന്നു എന്നു ചിന്തിച്ച് ആകുലപ്പെടാതെ നമ്മിലും കുറവുള്ളവര്‍ക്ക് നമുക്കാവുന്ന സഹായം നല്‍കാന്‍ പരിശ്രമിക്കാം. നമ്മുടെ സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയുമല്ല സഹായിക്കേണ്ടത്. ആരോരുമില്ലാത്തവരെയും ആവശ്യത്തിലായിരിക്കുന്നവരെയുമാണ്. മാത്രമല്ല, യേശു നമ്മില്‍ വന്നു വീണ്ടും പിറക്കുവാന്‍ ഹൃദയങ്ങള്‍ സജ്ജമാക്കേണ്ടിയിരിക്കുന്നു. അവിടുത്തേയ്ക്കായ് ഹൃദയങ്ങള്‍ തുറക്കേണ്ടിയിരിക്കുന്നു. അല്പസമയം പ്രാര്‍ത്ഥനയില്‍ മുഴുകാം. മറിച്ച്, ഉപഭോഗരീതികളില്‍ മുഴുകിയാല്‍പ്പിന്നെ നാം ഒന്നിനു പിറകെ ഒന്നായി കച്ചവടത്തിരക്കിലാകും.

പലതിലും വ്യഗ്രതപ്പെട്ടു നടക്കാം, പലപ്പോഴും ആവശ്യമില്ലാത്തവയില്‍. എന്നാല്‍ ക്രിസ്തുമസിന് ഒരുക്കമായ ഈ ദിവസങ്ങളില്‍ യേശുവാണ് എന്റെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് നില്‍ക്കേണ്ടത്. ഉപഭോഗസംസ്‌കാരം ഇന്ന് ക്രിസ്തുമസിനെ അട്ടിമറിച്ചിട്ടുണ്ട്. ഓര്‍ക്കുക, ബെത്ലഹേമിലെ ആദ്യ ക്രിസ്തുമസില്‍ ഉപഭോഗമോ, കടക്കമ്പോളങ്ങളോ ഉണ്ടായിരുന്നില്ല. അവിടത്തെ യാഥാര്‍ത്ഥ്യം ദാരിദ്ര്യവും സ്‌നേഹവും ലാളിത്യവുമാണ്. മറിയത്തെപ്പോലെ നമ്മുടെ ഹൃദയങ്ങള്‍ ഒരുക്കാം. തിന്മയില്‍ നിന്നകന്ന് നമുക്കു ദൈവമായ രക്ഷകനെ – യേശുവിനെ ജീവിതത്തില്‍ സ്വീകരിക്കാം.

“അങ്ങേ വചനം പോലെ എന്നില്‍ ഭവിക്കട്ടെ!”

ആഗമനകാലം 4-ാം വാരത്തിലെ സുവിശേഷഭാഗത്ത് മറിയം ഉരുവിടുന്ന അവസാനത്തെ വാക്ക് മേല്പറഞ്ഞ പ്രകാരമാണ്. അത് ക്രിസ്തുമസിലേയ്ക്കുള്ള മറിയത്തിന്റെ ആദ്യത്തെ നിര്‍ണ്ണായകമായ കല്‍വയ്പായിരുന്നു. ക്രിസ്തുവിന്റെ ജനനം നമ്മെ സ്പര്‍ശിക്കുന്നില്ലെങ്കില്‍ ഈ ക്രിസ്തുമസ് പാഴായിപ്പോകുവാന്‍ സാധ്യതയുണ്ട്. അനുദിനം നാം കുടുംബങ്ങളിലും വ്യക്തിജീവിതത്തിലും ചൊല്ലുന്ന ത്രികാല പ്രാര്‍ത്ഥനയില്‍ ഉരുവിടുന്നതും മറിയത്തിന്റെ വാക്കുകളാണ്, “അങ്ങേ വചനം എന്നില്‍ നിറവേറട്ടെ!” ഈ ക്രിസ്തുമസിന് ഇനിയുമുള്ള ചുരുങ്ങിയ സമയത്തും നന്നായി ഒരുങ്ങുവാന്‍ കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.