ഐക്യരാഷ്ട്രസഭ സമാധാനത്തിന്റെ പണിപ്പുര ആകണം: മാര്‍പാപ്പ

രാജ്യങ്ങളെ തമ്മില്‍ ഒന്നിപ്പിക്കുന്നതിനും അവയെ അടുപ്പിക്കുന്നതിനും ജനങ്ങള്‍ക്കിടയിലുള്ള ഒരു സേതുബന്ധമായിട്ടാണ് ഐക്യരാഷ്ട്ര സഭ സ്ഥാപിതമായതെന്ന് ഫ്രാന്‍സിസ് പാപ്പാ. ഐക്യരാഷ്ട്ര സഭ, രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെയും മാനവകുടുംബത്തിനാകമാനമുള്ള സേവനത്തിന്റെയും യഥാര്‍ത്ഥ അടയാളവും ഉപകരണവുമായി ഭവിക്കട്ടെ എന്ന പരിശുദ്ധ സിംഹാസനത്തിന്റെ ആശംസയും പാപ്പാ നല്‍കി.

75-ാം വാര്‍ഷികം ആചരിക്കുന്ന എക്യരാഷ്ട്ര സംഘനയുടെ പൊതുസഭയുടെ എഴുപത്തിയഞ്ചാമത് ഉന്നത തലയോഗത്തിന് വെള്ളിയാഴ്ച നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ ആശംസ ആവര്‍ത്തിച്ചത്.

കോവിഡ്-19 മഹാമാരി വിതച്ചിരിക്കുന്ന ദാരിദ്ര്യം, സാമ്പത്തികപ്രതിസന്ധി തുടങ്ങിയ ദുരന്തഫലങ്ങള്‍ ഐക്യദാര്‍ഢ്യത്തിന്റെ അനിവാര്യത, മൗലികാവകാശങ്ങളുടെ ലംഘനം, കുഞ്ഞുങ്ങളുടെ ദുരവസ്ഥ, മതപീഢനം, ആണവായുധ മത്സരം, കുടിയേറ്റം, മഹിളകളുടെ ഔന്നത്യം, സമാധനത്തിനെതിരായ വെല്ലുവിളികള്‍, പരിസ്ഥിതി പരിപാലനം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം തുടങ്ങിയവ പാപ്പായുടെ സന്ദേശത്തില്‍ പരാമര്‍ശവിഷയങ്ങളായി.

കോവിഡ്-19 മഹാമാരി നമ്മുടെ സാമ്പത്തിക-ആരോഗ്യ-സാമൂഹ്യസംവിധാനങ്ങളെ താറുമാറാക്കുകയും സൃഷ്ടികളായ നമ്മുടെ ബലഹീനത എടുത്തുകാട്ടുകയും ചെയ്യുന്നുവെന്നും ഈ കാലം ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ അതായത്, ക്ഷണികമായവയെയും സത്താപരമായവയെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ നമ്മെ ക്ഷണിക്കുന്നുവെന്നും നമ്മുടെ ജീവിതശൈലിയില്‍ ഒരു മാറ്റം അനിവാര്യമായിരിക്കുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ പറയുന്നു.

പരസ്പരാശ്രയമില്ലാതെയും പരസ്പരം ശത്രുമനോഭാവം പുലര്‍ത്തിയും ജീവിക്കാനാവില്ല എന്നും കോവിഡ്- 19 മഹാമാരി നമുക്കു കാണിച്ചുതന്നുവെന്നും പാപ്പാ അനുസ്മരിച്ചു. ഇന്ന് സംജാതമായിരിക്കുന്ന സാമ്പത്തിക അനീതി ഇല്ലായ്മ ചെയ്യുന്നതിന് അന്താരാഷ്ട്രസമൂഹം പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ജനതകളുടെ സമഗ്രവികസനത്തിനും പ്രകൃതിയുടെ പരിപാലനത്തിനും നല്ലവണ്ണം ഉപയോഗിക്കാന്‍ കഴിയുന്ന വിലയേറിയ വിഭവങ്ങള്‍, ആയുധങ്ങള്‍ കുന്നുകൂട്ടുന്നതിനു വേണ്ടിയുള്ള മത്സരയോട്ടം വഴി പാഴാക്കിക്കളയുന്നതു തുടരുമ്പോള്‍ സമാധാനത്തിനും സുരക്ഷയ്ക്കും യഥാര്‍ത്ഥ ഭീഷണികളായ ദാരിദ്ര്യം, മഹാ പകര്‍ച്ചവ്യാധികള്‍, ഭീകരപ്രവര്‍ത്തനം തുടങ്ങിയവയെ ഫലപ്രദമായി നേരിടാന്‍ എങ്ങനെ സാധിക്കും എന്ന് ആത്മശോധന ചെയ്യേണ്ടിയരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വ്യക്തിപരവും സാമൂഹ്യവുമായ സുരക്ഷ, ആയുധങ്ങളില്‍ അര്‍പ്പിക്കുന്ന പ്രമാദപരമായ യുക്തിയെ നാം പൊളിച്ചെറിയേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. അടുത്ത, അണുവായുധ നിര്‍വ്വ്യാപന കരാര്‍ പുനരവലോകന സമ്മേളനം അണുവായുധ മത്സരത്തിന് എത്രയും വേഗം വിരാമമിടാനും ആണവ നിരായുധീകരണത്തിനുള്ള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാനുമുള്ള നമ്മുടെ പൊതുവായ ലക്ഷ്യത്തിനനുസൃതമായ സമൂര്‍ത്ത നടപടികള്‍ കൈക്കൊള്ളുമെന്ന പരിശുദ്ധ സിംഹാസനത്തിന്റെ പ്രതീക്ഷയും പാപ്പാ വെളിപ്പെടുത്തി.

ഐക്യരാഷ്ട്ര സഭ എന്നും സമാധാനത്തിന്റെ കൂടുതല്‍ കാര്യക്ഷമമായ പണിപ്പുര ആയിരിക്കണമെന്നത് സംഘര്‍ഷഭരിതമായ നമ്മുടെ ലോകത്തിന്റെ ആവശ്യമാണെന്നു പറഞ്ഞ പാപ്പാ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ഉപരി ഐക്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി ഇതിനായി പരിശ്രമിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.