ലോക ബാലപീഡന വിരുദ്ധ ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശം

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍ എന്ന കടുത്ത തിന്മയെ ഉന്മൂലനം ചെയ്യുന്നതിന് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കൂടുതല്‍ ഫലപ്രദമായ സഹകരണം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് മാര്‍പാപ്പ. എല്ലാ ദൈവമക്കളുടെയും ക്ഷേമം ഉറപ്പു വരുത്തുന്നതിനും ലൈംഗികചൂഷണത്തെ അതിജീവിച്ചവര്‍ക്ക് അന്തസ്സും പ്രത്യാശയും വീണ്ടെടുത്തു നല്കുന്നതിനുമുള്ള തുടര്‍ച്ചയായ പരിശ്രമങ്ങള്‍ക്ക് പാപ്പാ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയും അമേരിക്കയിലെ കത്തോലിക്കാ സര്‍വ്വകലാശാലയും ഹാര്‍വാര്‍ഡ് ഡിവിനിറ്റി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന ചര്‍ച്ചായോഗത്തിന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷ്വാന്‍ ഒ മാല്ലിക്ക് ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

‘വിശ്വാസവും വളര്‍ച്ചയും: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ശമിപ്പിക്കുന്നതിനുമുള്ള തന്ത്രങ്ങള്‍’ എന്ന ചിന്താവിഷയത്തോടെ ബുധനാഴ്ച ആരംഭിച്ച ചര്‍ച്ചായോഗത്തില്‍ മതനേതാക്കാളും, പണ്ഡിതരും വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരും തങ്ങളുടെ ഗവേഷണ പഠനങ്ങളും ചികിത്സാ-അജപാലനപരങ്ങളായ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുന്നതുവഴി കുട്ടികളെ ലൈംഗികപീഡനത്തിന് ഇരകളാക്കുന്നതിന്റെ ആഴത്തെയും വ്യാപ്തിയെയും കുറിച്ചുള്ള കൂടുതല്‍ അവബോധം സൃഷ്ടിക്കുമെന്നും പാപ്പായുടെ സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.