സാഹോദര്യത്തിന്റെ അഭാവം നാശത്തിലേയ്ക്കു നയിക്കും: മാര്‍പാപ്പ

സാഹോദര്യം എന്ന അതിരിലാണ് നാം നമ്മെത്തന്നെ പണിതുയര്‍ത്തേണ്ടതെന്നും ഈ സാഹോദര്യം നമ്മുടെ ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്നും ഫ്രാന്‍സിസ് പാപ്പാ. ഐക്യഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ പ്രഥമ മാനവസാഹോദര്യ അന്താരാഷ്ട്രദിനം ആചരിക്കുകയും ‘സയെദ്’ പുരസ്‌ക്കാരം നല്‍കുകയും ചെയ്ത ഫെബ്രുവരി 4-ന്, വ്യാഴാഴ്ച (04/02/21) ഇന്റര്‍നെറ്റ് വഴി സംഘടിപ്പിക്കപ്പെട്ട ആഘോഷച്ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

രണ്ടു വര്‍ഷം മുമ്പ് അതായത്, 2019 ഫെബ്രുവരി 4-ന് അബുദാബിയില്‍ വച്ച് താനും അല്‍ അഷറിലെ വലിയ ഇമാം അഹമെദ് അല്‍ തയ്യിബും ഒപ്പുവച്ച മാനവസാഹോദര്യ രേഖയോടെ തുടക്കം കുറിച്ച മാനവസാഹോദര്യ പ്രയാണത്തില്‍ തങ്ങള്‍ക്കു തുണയായ ഐക്യരാഷ്ട്രസഭയുടെ മേധാവി, സെക്രട്ടറി ജനറല്‍, അന്തോണിയൊ ഗുട്ടറസ്, ‘യുവജനങ്ങള്‍ സമാധാനത്തിന്’ എന്ന ഇമാദ് അസോസിയേഷന്റെ സ്ഥാപക ലത്തീഫ് ഇബ്‌നു സിയാറ്റെന്‍ എന്നിവര്‍ക്ക്, എമിറേറ്റ് രാഷ്ട്രങ്ങളുടെ പിതാവും അബുദാബിയുടെ ഭരണകര്‍ത്താവുമായിരുന്ന സയേദ് രാജാവിന്റെ സ്മരണാര്‍ത്ഥമുള്ള ‘സയെദ്’ പുരസ്‌ക്കാരം ഈ വിശ്വമാനവസാഹോദര്യ ദിനാചരണ വേളയില്‍ നല്‍കപ്പെട്ടത് പാപ്പാ അനുസ്മരിക്കുകയും ചെയ്തു.

മാനവസാഹോദര്യ പ്രയാണത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന പാപ്പാ, ശത്രുതയുടെ അതിലോലമായ ഒരു രൂപമായ നിസ്സംഗതയുടെ അപകടം പതിയിരിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാനവസാഹോദര്യ പ്രയാണത്തില്‍ അല്‍ അഷറിലെ വലിയ ഇമാം അഹമെദ് അല്‍ തയ്യിബിന്റെ സഹായം വിലയേറിയതാണെന്ന് അനുസ്മരിക്കുന്ന പാപ്പാ പരസ്പര സഹായത്തോടെയുള്ളതാണ് ഈ മുന്നേറ്റമെന്ന് വിശദീകരിക്കുന്നു.

ഈ യാത്രയുടെ പുരോഗതിക്ക് അബുദാബിയിയുടെ പാരമ്പര്യ അവകാശിയായ രാജകുമാരന്‍ ഷെയ്ക്ക് മൊഹമ്മെദ് ബിന്‍ സയിദ് ഏകുന്ന സഹായത്തിനും പാപ്പാ നന്ദി പ്രകാശിപ്പിക്കുന്നു. സാഹോദര്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന പാപ്പാ, നാം പരസ്പരം സഹോദരങ്ങളായി കാണാത്തപക്ഷം നാം സ്വയം നശിക്കുമെന്ന്, സകലവും തകരുമെന്ന് മുന്നറിയിപ്പു നല്‍കുന്നു.

നിസ്സംഗതയ്ക്ക് ഇനി സമയം കൊടുക്കരുതെന്നും കൈകഴുകി ഒഴിഞ്ഞുമാറാനാവില്ലെന്നും പറയുന്ന പാപ്പാ, സാഹോദര്യമെന്ന അതിരിലാണ് നാം നമ്മെത്തന്നെ പണിതുയര്‍ത്തേണ്ടതെന്നും ഈ സാഹോദര്യം നമ്മുടെ ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്നും ഓര്‍മ്മിപ്പിക്കുന്നു. ഇത് ശ്രവണത്തിന്റെയും ആത്മാര്‍ത്ഥമായ സ്വീകരണത്തിന്റെയും സഹോദരങ്ങളില്ലാത്ത ഒരു ലോകം ശത്രുക്കളുടെ ലോകമായിരിക്കുമെന്ന ഉറപ്പിന്റെയും സമയമാണെന്നും പാപ്പാ വിശദീകരിക്കുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.