ഭക്ഷണം പാഴാക്കാതിരിക്കുക: പാപ്പായുടെ ഓർമ്മപ്പെടുത്തൽ

പട്ടിണിയെ നിര്‍മ്മൂലമാക്കാന്‍ ഭക്ഷണം പാഴാക്കാതിരിക്കണം എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. റോമിൽ വച്ച് നടത്തിയ യൂറോപ്യൻ ഭക്ഷ്യനിക്ഷേപ ഫെഡറേഷന്‍റെ മുപ്പതാം വാർഷികസമ്മേളനത്തിന്‍റെ സമാപനത്തിലാണ് പാപ്പാ ഈ സന്ദേശം നൽകിയത്.

മറ്റുള്ളവർക്ക് കൊടുക്കുന്നതിനെക്കുറിച്ച് പറയാൻ എളുപ്പമാണ്. അത് ചെയ്യുക അത്ര എളുപ്പമല്ല. എന്നാൽ, വ്യർത്ഥമായ വാക്കുകളെക്കാൾ നല്ലത് അവയ്ക്ക് ഉചിതമായ പ്രവർത്തികൾ തന്നെയാണ്. പാപ്പാ വ്യക്തമാക്കി.

പാഴാക്കുക എന്നാൽ, വസ്തുക്കളോടും ഇല്ലാത്തവരോടും കാണിക്കുന്ന അലംഭാവമാണ്. യേശുനാഥൻ, അപ്പം വിതരണം ചെയ്തതിനു ശേഷം ബാക്കിയുള്ളത് ശേഖരിക്കാൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. അത് വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വയ്ക്കുകയായിരുന്നു. ഭക്ഷണം വലിച്ചെറിയുക എന്നത് മനുഷ്യരെ വലിച്ചെറിയുന്നതിനു തുല്യമാണ്. ഇന്നും ഭക്ഷണം എത്ര അമൂല്യമെന്ന് തിരിച്ചറിയാത്തത് ഒരു ഉതപ്പാണ്. ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

നല്ലതിനെ പാഴാക്കുക എന്നത് എല്ലാ തലങ്ങളിലും – കാരുണ്യപ്രവർത്തികളിൽ പോലും നുഴഞ്ഞുകയറുന്ന ഒരു സ്വഭാവമാകാം. ഇന്നത്തെ സങ്കീർണ്ണമായ ലോകത്തിൽ നന്മ ചെയ്യുന്നതും നന്നായി ചെയ്യേണ്ടതും അത്യാവശ്യമാണ്. അതിന് ബുദ്ധിയും ആസൂത്രണമികവും പിന്തുടർച്ചയും സമഗ്രമായ കാഴ്ചപ്പാടും ഒന്നിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന വ്യക്തികളെയും ഇന്ന് ആവശ്യമാണ്. അപരനെ ഗൗനിക്കാതെ നന്മ ചെയ്യാൻ കഴിയില്ല എന്ന് ഓർക്കണം. ഭാഷകളും വിശ്വാസങ്ങളും പാരമ്പര്യങ്ങളും വ്യത്യസ്ത സമീപനരീതികളും സ്വന്തം താല്പര്യത്തിനു മാത്രമല്ല മറ്റ് വ്യക്തികളുടെയും അന്തസ്സുയർത്തുന്നതിനായി ഉപയോഗിക്കുന്നതിൽ സന്തോഷം കണ്ടെത്തുവാൻ പരിശ്രമിക്കണം. പാപ്പാ കൂട്ടിച്ചേർത്തു.

ഒട്ടനേകം ജനങ്ങൾ തൊഴിലും അന്തസ്സും പ്രതീക്ഷയും ഇല്ലാതെ കഴിയുമ്പോൾ മനുഷ്യത്വമില്ലാത്ത ഉല്പാദന അഭ്യർത്ഥനകൾ മനുഷ്യബന്ധങ്ങളെയും കുടുംബങ്ങളെയും വ്യക്തിജീവിതത്തെയും നശിപ്പിക്കുന്നു. കുടുംബങ്ങളെ നോക്കിനടത്താൻ രൂപീകരിച്ച ധനവിനിമയ സംവിധാനം മനുഷ്യനെ സഹായിക്കുന്നതിനു പകരം അടിമകളാക്കുകയും യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നുപോവുകയും നിയന്ത്രണാതീതമാകുകയും ചെയ്യുന്നു. നന്മയെ പിന്തുണച്ചും മറ്റുള്ളവരുമായി സഹാനുഭാവത്തോടെ ഒത്തുചേർന്ന് നമ്മൾ ഇതിന് ഒരു ചികിത്സ കണ്ടുപിടിക്കേണ്ടതുണ്ട്. പാപ്പാ ചൂണ്ടിക്കാട്ടി.