പരിശുദ്ധാത്മാവിനായി ഹൃദയങ്ങള്‍ തുറക്കുവാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു 

പരിശുദ്ധാത്മാവിനായി ഹൃദയങ്ങള്‍ തുറക്കുവാന്‍ ദൈവം ഇന്ന് നമ്മെ ക്ഷണിക്കുകയാണെന്ന് ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ കൂടിയ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം ഓര്‍മിപ്പിച്ചത്.

സഭയുടെ ചരിത്രത്തില്‍ ഉടനീളം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം കാണാവുന്നതാണ്. എന്റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്, അവന്‍ സകലവും പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ ഓര്‍പ്പിക്കുകയും ചെയ്യും എന്നാണ് ഈശോ ശിഷ്യന്മാരോട് വ്യക്തമാക്കിയത്. ഈശോ പിതാവിലേയ്ക്ക് പോയി എങ്കിലും തന്റെ ശിഷ്യരെ പരിശുദ്ധാത്മാവിലൂടെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തു കൊണ്ടിരുന്നു. പാപ്പാ പറഞ്ഞു.

പരിശുദ്ധ അമ്മയെ നോക്കുക. ഈശോയുടെ മനുഷ്യാവതാരത്തില്‍ പരിശുദ്ധാത്മാവുമായി സഹകരിച്ച വ്യക്തിയാണ് പരിശുദ്ധ അമ്മ. പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ നമ്മുടെ ഹൃദയങ്ങളെ ഒരുക്കുവാന്‍ അമ്മയുടെ മാധ്യസ്ഥം തേടാം. അങ്ങനെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു ദൈവ വചനത്തെ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുകയും ആഴമായ വിശ്വാസത്തില്‍ ജീവിക്കുകയും ചെയ്യാം. പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.