ആദർശവും യാഥാർത്ഥ്യവും, അധികാരവും സേവനവും തമ്മിലുള്ള പിരിമുറുക്കങ്ങൾ പ്രാർത്ഥനയിൽ സമന്വയിപ്പിക്കണം: പാപ്പാ

റോമിൽ തീർത്ഥാടനത്തിനെത്തിയ ഫ്രഞ്ച് വ്യവസായ സംരംഭകരുടെ പ്രതിനിധികളുമായി ജനുവരി ഏഴാം തീയതി വത്തിക്കാനിൽ ക്ലമന്റീനാ ഹാളിൽ വച്ചു നടത്തിയ കൂടിക്കാഴ്ച്ചാ വേളയിൽ പരിശുദ്ധ പിതാവ് നൽകിയ സന്ദേശം.

വ്യക്തിമാഹാത്മ്യവും നിസ്സംഗതയും ദുർബലരായവരുടെ പാർശ്വവൽക്കരണവും അടയാളപ്പെടുത്തിയ ഈ ലോകത്ത് സ്വകാര്യതാൽപര്യങ്ങളിലോ, സ്വന്തം ചെറുവൃത്തങ്ങളിലോ ഒതുങ്ങാതെ എല്ലാവരുടെയും സേവനത്തിനായുള്ള ഒരു ഹൃദയം പല വ്യവസായ സംരംഭകരിലും വ്യവസായ നേതാക്കളിലും കണ്ടെത്താൻ കഴിയുന്നത് മനോഹരവും ധീരവുമാണ് എന്ന് അവരെ അഭിനന്ദിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. എന്നാൽ ഇത് ഒരു വെല്ലുവിളിയാണ് എന്നതിൽ സംശയമില്ല എന്നും അതിനാൽ ദൈവത്തിന്റെ ഹൃദയമനുസരിച്ചുള്ള ഒരു നേതൃത്വം നടത്താൻ അവരെ സഹായിക്കുന്ന സുവിശേഷപഠനം പങ്കുവയ്ക്കുകയാണ് താനെന്നും പാപ്പാ അവരോടു പറഞ്ഞു.

പലപ്പോഴും തമ്മിൽ പിരിമുറുക്കത്തിലാണ് എന്നു തോന്നുന്ന ദ്വയാശയങ്ങളാണ് പാപ്പാ പങ്കുവച്ചത്. എന്നാൽ കൃപയാൽ സഹായിക്കപ്പെടുന്ന ക്രൈസ്തവന് ഇവ രണ്ടും ഒരുമിപ്പിക്കാൻ കഴിയും എന്ന പ്രത്യാശയോടെ പാപ്പാ അവ മുന്നോട്ടുവച്ചു. ആദർശവും യാഥാർത്ഥ്യവും; പിന്നെ അധികാരവും സേവനവും ആയിരുന്നു ആ ദ്വയാശയങ്ങൾ.

ആദർശവും യാഥാർത്ഥ്യവും

സ്വപ്നം കാണുന്ന ആദർശവും എന്നാൽ കണ്ടുമുട്ടുന്ന യാഥാർത്ഥ്യവും തമ്മിലുള്ള ആഘാതത്തെക്കുറിച്ച് കുറച്ചു ദിവസങ്ങൾക്കു മുമ്പ് സംസാരിച്ചത് പാപ്പാ ഓർമ്മിച്ചെടുത്തു. കാലിത്തൊഴുത്തിലെ ദാരിദ്ര്യത്തിൽ ദൈവത്തിന്റെ പുത്രനെ പ്രസവിക്കേണ്ടി വന്ന കന്യകാമറിയത്തിന്റെ അനുഭവം ഓർമ്മിപ്പിച്ച പാപ്പാ, വ്യവസായ സംരംഭകർ ഉന്നംവയ്ക്കുന്ന പൊതുനന്മ എന്ന ആദർശവും അവരുടെ ഉത്തരവാദിത്വവും തമ്മിലുള്ള വൈരുദ്ധ്യവും തുലനം ചെയ്തു. വ്യവസായ അധ്യക്ഷന്മാർ എന്ന നിലയിൽ അവരിൽ ധനസാമ്പത്തിക സംവിധാനങ്ങൾ അടിച്ചേൽപ്പിക്കുന്ന കടമകൾ സാമൂഹികനീതിയുടെയും ഉപവിയുടേയും സുവിശേഷതത്വങ്ങളുമായി സംഘർഷത്തിലാവുന്നു. അങ്ങനെ അവരുടെ ചുമതലകൾ അവർക്ക് ഭാരമാകുകയും നീതിയുടെ ആദർശവും അവർ നേടാൻ ആഗ്രഹിക്കുന്ന പൊതുനന്മയും സാക്ഷാൽക്കരിക്കാനാവാതെ മനസ്സാക്ഷി സംഘർഷത്തിലാവുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

യാഥാർത്ഥ്യങ്ങൾ അവരുടെ മുന്നിൽ കഴിവുകേടുകളായി, പശ്ചാത്താപമായി, ഒരു നടുക്കമായി വരുന്നു. ഇതിനെ നേരിടാൻ കാലിത്തൊഴുത്തിന്റെ അപവാദത്തിനു മുന്നിൽ പരിശുദ്ധ മറിയം കാണിച്ച നിരാശപ്പെടാത്ത, ഹൃദയത്തിൽ സംഗ്രഹിച്ച്, ധ്യാനിച്ച്, പരീക്ഷണങ്ങളിൽ ശക്തിയാർജ്ജിക്കുന്ന വിശ്വാസത്തിന്റെ പക്വതയുടെ മാതൃക പിഞ്ചെല്ലാൻ അവരെ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. ഹൃദയത്തിൽ സംഗ്രഹിക്കുക എന്നാൽ സ്വീകരിക്കുക എന്നാണെന്നും, ധ്യാനിക്കുക എന്നാൽ ജീവിതം തരുന്ന നന്മകളെയും തിന്മകളെയും ദൈവത്തിന്റെ ലക്ഷ്യമനുസരിച്ച് പ്രാർത്ഥനയിൽ ഏകീകരിക്കുക എന്നാണെന്നും പാപ്പാ വിശദീകരിച്ചു.

അധികാരവും സേവനവും

ആരാണ് വലിയവൻ എന്ന തർക്കം അപ്പോസ്തലന്മാരിൽ ഉടലെടുത്ത രംഗവും അതിനുള്ള യേശുവിന്റെ മറുപടിയും (മർക്കോ. 9:35) ഓർമ്മിപ്പിച്ചുകൊണ്ട് ക്രൈസ്തവനേതാക്കളുടെ ദൗത്യം പലപ്പോഴും ഇടയന്മാരുടേതു പോലെയാണെന്ന് പാപ്പാ അവരോടു പറഞ്ഞു. പല കാര്യങ്ങളിലും ആട്ടിൻകൂട്ടത്തിനു മുന്നിൽ നടന്ന് വഴി കാട്ടുകയും അവരുടെ മധ്യേ നിന്ന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുകയും പിന്നിൽ ചെന്ന് ആരും നഷ്ടപ്പെടുന്നില്ല എന്നും ഗ്രഹിക്കുകയും വേണമെന്നും അതിന് യേശുവാകുന്ന ഇടയാനാണ് മഹത്തായ മാതൃക എന്നും ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. ആടിന്റെ മണമുള്ള ഇടയരാകാൻ മെത്രാന്മാരെയും വൈദികരേയും പലപ്പോഴും താൻ ഉദ്ബോധിപ്പിക്കാറുള്ളത് അവർക്കും ബാധകമാണെന്ന് പാപ്പാ പങ്കുവച്ചു.

അധികാരം ഒരു സേവനമായി കൈകാര്യം ചെയ്യുമ്പോൾ അത് പങ്കുവയ്ക്കുക ആവശ്യമായി വരുമെന്നും യേശു തന്റെ ശിഷ്യരെ ദൗത്യമേൽപ്പിച്ചു പറഞ്ഞുവിട്ടപ്പോൾ തന്റെ സ്വന്തം അധികാരം തന്നെ അവർക്ക് നൽകിയാണ് അവരെ വിട്ടതെന്നും (മത്തായി 28: 18-20) പാപ്പാ ചൂണ്ടിക്കാണിച്ചു. ക്രൈസ്തവനേതാവ് ഇക്കാര്യത്തിൽ തന്റെ സംഘത്തിലെ ഏറ്റം നിസ്സാരനെന്നു തോന്നുന്നവരെപ്പോലും പരിഗണിക്കണമെന്നും കാരണം ഓരോരുത്തരും ദൈവത്തിന്റെ കണ്ണിൽ പ്രധാന്യമർഹിക്കുന്നവരാണെന്നും പാപ്പാ പറഞ്ഞു.

മത്സരാത്മകമായ പ്രൊഫഷണൽ ലോകത്ത് സുവിശേഷം നടപ്പിലാക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന് താൻ മനസ്സിലാക്കുന്നു എന്നുപറഞ്ഞ പാപ്പാ, യേശുവിൽ കണ്ണുനട്ട് അവരുടെ പ്രാർത്ഥനാജീവിതവും അനുദിന വേലകളും സമർപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടു. അവസാനം വരെ സ്നേഹിക്കാൻ കുരിശിന്റെ അനുഭവത്തിലൂടെ യേശു കടന്നുപോയതു പോലെ അവർക്കും വഹിക്കാൻ അവരുടേതായ കുരിശുകളുണ്ടെന്നും എന്നാൽ ‘ലോകാവസാനം വരെ’ നമ്മോടൊപ്പം ഉണ്ടാവുമെന്ന് നമുക്ക് വാഗ്ദാനം ചെയ്തതിൽ ആത്മവിശ്വാസം ആർജ്ജിക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു.

അവർക്ക് നന്ദി പറയുകയും ആശീർവ്വദിക്കുകയും തനിക്കായി പ്രാർത്ഥിക്കാൻ മറക്കല്ലേ എന്നും അഭ്യർത്ഥിച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.