മുറിവേറ്റ ലോകത്തിന്റെ പുനർനിർമ്മിതിക്ക് സാഹോദര്യവും സൗഹൃദവും ഉപാധികൾ: പാപ്പാ

സാദ്ധ്യതകളിൽ നാം വ്യത്യസ്തരെങ്കിലും ആവശ്യങ്ങളിൽ നാം തുല്യരാണെന്ന് മാർപാപ്പാ. 1921 -ൽ രൂപം കൊണ്ട കത്തോലിക്കാ പ്രവർത്തന അന്താരാഷ്ട്രവേദിയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു നല്‍കിയ ഒരു കത്തിലാണ് ഫ്രാൻസിസ് പാപ്പാ ഈ ഫോറത്തിന്റെ, ഇരുളും വെളിച്ചവും ഇടകലർന്ന പ്രയാണത്തിലുണ്ടായിട്ടുള്ള പ്രതിസന്ധികളെയും ലോകത്തിനു മൊത്തത്തിൽ കനത്ത പ്രഹരമേല്പിച്ചുകൊണ്ടു തുടരുന്ന കോവിഡ്-19 മഹാമാരിയെക്കുറിച്ചും പരാമർശിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ ആഘാതം നരകുലത്തിന് മൊത്തത്തിൽ ഒരുപോലെയാണെന്നും നമ്മെ ഭിന്നിപ്പിക്കുകയും അസമത്വമുള്ളവരാക്കുകയും ചെയ്ത എല്ലാറ്റിനെയും മറികടക്കാൻ വേധ്യതയ്ക്ക് കഴിഞ്ഞുവെന്നും പാപ്പാ പറയുന്നു. പ്രതിസന്ധികളുടെയോ, ബുദ്ധിമുട്ടുകളുടെയോ വേളകളിൽ അവനവനിൽ സ്വയം അടച്ചിടുകയും ഒരുവന് ആകെയുള്ളത് അല്പമാണെങ്കിലും അത് സൂക്ഷിച്ചുവയ്ക്കാനും ഓർമ്മകളെ താലോലിച്ചും നല്ലൊരു കാലത്തെ പ്രതീക്ഷിച്ചും കൊണ്ട് മറഞ്ഞിരിക്കാനും ശ്രമിക്കുന്ന വലിയ പ്രലോഭനത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

കത്തോലിക്കാ പ്രവർത്തനം സുവിശേഷവത്ക്കരിച്ചിട്ടുള്ളവരും പരിശീലനം നല്‍കിയിട്ടുള്ളവരുമായ അനേകർ വിശ്വാസജീവിതത്തിന് പലപ്പോഴും വിലക്കുണ്ടായിരുന്ന പൗരജീവിതസാഹചര്യങ്ങളിൽ സത്യവും സുവിശേഷവും പ്രതിഷ്ഠിക്കാൻ പരിശ്രമിച്ചിട്ടുള്ളത് അനുസ്മരിച്ച പാപ്പാ, കത്തോലിക്കാ പ്രവർത്തന പ്രസ്ഥാനം ജന്മമേകിയ അത്മായ വിശുദ്ധരും വാഴ്ത്തപ്പെട്ടവരും സഭയ്ക്ക് ഒരു സമ്പത്തു തന്നെയാണെന്ന് പ്രസ്താവിച്ചു.

മുറിവേറ്റ ലോകത്തിന്റെ പുനർമിർമ്മിതിക്കുള്ള ഉപാധികളായ സാഹോദര്യം, സാമൂഹ്യമൈത്രി എന്നിവ പരിപോഷിപ്പിക്കുന്നതിനായി പരിശ്രമിക്കാൻ പാപ്പാ കത്തോലിക്കാ പ്രവർത്തന അന്താരാഷ്ട്ര വേദിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.