കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ പാപ്പാ പങ്കുവച്ച സൂത്രവിദ്യ 

വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിനായിട്ടാണ് വത്തിക്കാൻ ട്രെയിൻ സ്റ്റേഷൻ അന്ന് തുറന്നത്. ഒരു കുട്ടിക്കൂട്ടമാണ് ട്രെയിനിൽ നിന്ന് ആവേശത്തോടെ പുറത്തിറങ്ങിയത്. ഒരു പകൽ മുഴുവന്‍ മാർപാപ്പയോടൊപ്പം ചെലവഴിക്കുക എന്ന ആഗ്രഹവുമായി എത്തിയവർ.

എല്ലാ വർഷവും പതിവുള്ള ഈ കൂടിക്കാഴ്ചയ്ക്കായി ഇത്തവണ ഭാഗ്യം ലഭിച്ചത് ഇറ്റാലിയൻ പ്രാന്തപ്രദേശങ്ങളായ നേപ്പിൾസ്, ജിയോണ, സർദീനിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ്. ആദ്യം പാപ്പായോട് ചോദ്യം ചോദിച്ച പെൺകുട്ടിയ്ക്ക് അറിയേണ്ടിയിരുന്നത് പാപ്പായുടെ സ്കൂൾ ജീവിതത്തെക്കുറിച്ചാണ്. കുട്ടിയായിരുന്നപ്പോൾ തനിക്കും മടിയായിരുന്നുവെന്നും എന്നാൽ പിന്നീട് പഠനത്തെ താൻ ഇഷടപ്പെട്ടുവെന്നും അതിനു ശേഷമാണ് പഠനത്തിന്റെ പ്രാധാന്യം മനസിലാക്കിയതെന്നുമാണ് പാപ്പാ മറുപടി നല്‍കിയത്.

“നിങ്ങൾ ആരെയും വെറുക്കരുത്. ക്ലാസിൽ ആരുമായും പിണങ്ങുകയോ കൂട്ടുകൂടാതിരിക്കുകയോ ചെയ്യരുത്. ഇനി ആരെങ്കിലും നിങ്ങളോട് കൂട്ടുകൂടാതെ ഇരുന്നാലോ അപ്പോൾ നിങ്ങൾ അയാളെക്കുറിച്ചുള്ള വളരെ നല്ല കാര്യങ്ങൾ വേറൊരു കൂട്ടുകാരനോടോ കൂട്ടുകാരിയോടോ സംസാരിക്കണം. അപ്പോൾ നിങ്ങളും ഹാപ്പി, ആ കൂട്ടുകാരനും ഹാപ്പി” – പാപ്പാ പറഞ്ഞു.

ആരെയെങ്കിലും കുറിച്ച് മോശമായി സംസാരിക്കാൻ തോന്നിയാൽ ചെയ്യേണ്ട സൂത്രവിദ്യയും പാപ്പാ കുട്ടികളെ പഠിപ്പിച്ചു. “ആര്‍ക്കെങ്കിലും ആരെയെങ്കിലും കുറിച്ച് കുറ്റം പറയാൻ തോന്നിയാൽ സ്വന്തം നാക്ക് കടിച്ചുപിടിക്കണം. വീണ്ടും സംസാരിക്കാൻ തോന്നിയാൽ വീണ്ടും കടിക്കുക. വേദനയെടുക്കുമ്പോൾ നിങ്ങൾ അതെല്ലാം മറന്നുകൊള്ളും.”

നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഈശോയാണെന്നും മോശം പ്രവര്‍ത്തികൾ ചെയ്യിപ്പിക്കുന്നത് സാത്താനാണെന്നും തിരിച്ചറിയണമെന്ന് പാപ്പാ കുട്ടികളോട് പറഞ്ഞു.